വാസക്ടമി നിരോധിച്ച് ഇറാന്‍ ! ഗര്‍ഭ നിരോധനവും പ്രോത്സാഹിപ്പിക്കില്ല; സ്ത്രീകള്‍ സമയത്തിന് വിവാഹം കഴിക്കാത്തതിന്റെ കാരണം പാശ്ചാത്യ സ്വാധീനം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറാന്‍…

വാസക്ടമി(പുരുഷ വന്ധ്യംകരണം) നിരോധിച്ച് ഇറാന്‍. 2050 എത്തുമ്പോഴേക്കും രാജ്യത്തിന്റെ മൂന്നിലൊന്ന് ജനങ്ങളും 60 മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ എങ്ങനെയും ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.

നിലവില്‍ എട്ടുകോടി ജനസംഖ്യയുള്ള ഇറാന്‍ 2050ല്‍ ജനസംഖ്യ ഇരട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദി ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതല്‍ വാസക്ടമിയോനടത്തുകയോ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യാ വര്‍ധന നിലനിര്‍ത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്’ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി.

നിലവിലെ തോത് അനുസരിച്ച് രാജ്യത്തെ മൂന്നിലൊന്ന് മനുഷ്യരും 2050 ഓടെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകും. ‘നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നമ്മള്‍ ഏറ്റവും പ്രായമേറിയവരുടെ രാജ്യമായി മാറുമെന്ന്’ ബരാകതി പറയുന്നു.

ഫാമിലി പ്ലാനിംഗ് നടപടിക്രമങ്ങളും ഉല്‍പ്പന്നങ്ങളും ഫാര്‍മസികളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും തുടര്‍ന്നും ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന ജീവന്‍ അപകടത്തിലാകുമെന്ന അവസ്ഥയില്‍ എത്തിയവര്‍ക്കും നിയന്ത്രണം ബാധകമാകില്ല.

പരമോന്നത നേതാവ് അയതോല്ല അലി ഖമേനി ഉള്‍പ്പെടെയുള്ള ഇറാന്‍ സര്‍ക്കാരിലെ യാഥാസ്ഥിതികര്‍ കഴിഞ്ഞ കുറേക്കാലമായി സന്തോനോല്‍പാദനം കൂട്ടാന്‍ ആഹ്വാനം നടത്തുന്നുണ്ട്.

കുടുംബാസൂത്രണ സംവിധാനങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയും, വന്ധ്യതാ ക്ലിനിക്കുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 18 മുതല്‍ 24 മാസം കൂടുമ്പോള്‍ കുട്ടികളുണ്ടാകുന്നത് സുരക്ഷിതമാണെന്ന് ഇറാനിയന്‍ ജനതയെ ബോധ്യപ്പെടുത്തിയുമെല്ലാം അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്.

2013-ല്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി പ്രസവാവധി ഒമ്പത് മാസവും, പിതാക്കന്മാര്‍ക്ക് രണ്ടാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.

ഇത്രയൊക്കെയായിട്ടും ജനനനിരക്ക് കുറയുന്നത് പാശ്ചാത്യ ജീവിത സാഹചര്യങ്ങള്‍ മൂലമെന്നാണ് മതമൗലിക വാദികള്‍ പറയുന്നത്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സ്ത്രീകള്‍ വിവാഹം വൈകിപ്പിക്കുന്നതും, രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് ശരിയല്ലെന്ന പൊതുബോധവും പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ ഭാഗമായി കിട്ടിയതാണെന്നാണ് മത ഗ്രൂപ്പുകള്‍ പറയുന്നത്.

എന്നാല്‍ മോശം സാമ്പത്തിക അവസ്ഥയാണ് കാരണമെന്നാണ് പൊതുവെ യുവാക്കള്‍ പറയുന്നത്.’ചെറുപ്പക്കാര്‍ വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ തയ്യാറാകില്ല.

നമ്മള്‍ വിവാഹ വായ്പ നല്‍കിയാല്‍ പോലും അയാള്‍ക്ക് സുരക്ഷിതത്വം തോന്നാത്ത കാലത്തോളം ഇതുതന്നെയായിരിക്കും അവസ്ഥ’ എന്നും കുടംബക്ഷേമ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ പ്രതികരിക്കുന്നു.

മുമ്പു ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച ചൈനയുടെ സമാനമായ അവസ്ഥയിലൂടെയാണ് ഇറാനും ഇപ്പോള്‍ കടന്നു പോകുന്നത്.

Related posts

Leave a Comment