കാര്യം നിസാരമല്ല..! ഐഎസ് പ്രവര്‍ത്തകരെ തേടി ഐബിയും റോയും കണ്ണൂരില്‍; സിറിയയില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ 35 പേരാണ് കേരളത്തിലെ ഐഎസിന്റെ പ്രവര്‍ത്തകര്‍

Abyകണ്ണൂര്‍: മേക്കുന്ന് കനകമലയില്‍ രഹസ്യയോഗം നടത്തുന്നതിനിടെ ഐഎസ് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഐഎസ് സംഘത്തില്‍പ്പെട്ട കൂടുതല്‍ ആളുകളെ തേടി ഐബി, റോ, മിലിട്ടറി ഇന്റലിജന്‍സ് സംഘങ്ങള്‍ കണ്ണൂരിലെത്തി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂരിലെത്തിയത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമെന്ന് അറിയപ്പെടുന്ന അന്‍സാര്‍ ഉള്‍ ഖലീഫയുടെ രൂപീകരണം വളപട്ടണം, തലശേരി കേന്ദ്രീകരിച്ചായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

സിറിയയിലെ ഒംമാജിലെ മതപാഠശാലയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ 35 പേരാണ് കേരളത്തിലെ ഐഎസിന്റെ പ്രവര്‍ത്തകരെന്നാണ് കേന്ദ്ര -സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. നടപടികള്‍ ശക്തമായതോടെ സിറിയയിലെ മതപാഠശാല അടച്ചുപൂട്ടി. ഇതോടെ ശ്രീലങ്കയിലേക്കു മാറിയെങ്കിലും അവിടെയും അധികകാലം നിലനില്ക്കാനായില്ല. ഇപ്പോള്‍ യമനിലാണ് ഇതിന്റെ ആസ്ഥാനമെന്നാണ് വിവരം. സലഫി പ്രസ്ഥാനങ്ങളില്‍നിന്നും തെറ്റിപ്പിരിഞ്ഞവരാണ് അന്‍സാര്‍ ഉള്‍ ഖലീഫയ്ക്ക് രൂപം നല്കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മലയാളികളായ യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായാണ് മാതൃഭാഷയില്‍തന്നെ സാമൂഹ്യ മാധ്യമം ഉപയോഗിക്കുന്നത്.

ഐഎസ് കേരളഘടകം വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വച്ച് നവമാധ്യമങ്ങളിലൂടെയാണ് ഇവര്‍ കേരളത്തില്‍ കൂടികാഴ്ച നിശ്ചയിക്കുന്നത്. സ്ഥലങ്ങളും ആളുകളും അടക്കമുള്ള വിവരങ്ങളും കൈമാറുന്നത് നവമാധ്യമങ്ങളിലൂടെയാണ്. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് യുഎപിഎ നിമയത്തിനെതിരേ നടന്ന പ്രതിഷേധ സംഗമങ്ങളെകുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. അന്‍സാര്‍ ഉള്‍ ഖലീഫ എന്ന സംഘടനയുടെ പേരിലുള്ള ഫേസ്ബുക്കടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങള്‍ നിരീക്ഷിച്ചും അതിലെ അംഗമായുമാണ് എട്ടുപേരെ പിടികൂടുന്നത്്.

യുക്തവാദിസംഘം നേതാവായ മലപ്പുറത്തെ ജബ്ബാര്‍ മാസ്റ്ററെ വധിക്കാന്‍ ശ്രമിച്ചതും കൊച്ചിയില്‍ ജമാ അത്തെ ഇസ്‌ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതും ഈ സംഘത്തില്‍പ്പെട്ടവരാണെന്നാണ് സൂചന. കേരളത്തില്‍നിന്നും കോയമ്പത്തൂരില്‍നിന്നുമായാണ് എട്ടുപേര്‍ ഞായറാഴ്ച പിടിയിലാകുന്നത്. പാനൂര്‍ കനകമലയിലെ കശുമാവിന്‍ തോട്ടത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് മന്‍സീദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍ (റഷീദ്), തൃശൂര്‍ സ്വദേശി ടി. സ്വാലിഹ് മുഹമ്മദ് (യൂസഫ്), മലപ്പുറം സ്വദേശി പി. സഫ്‌വാന്‍, കോഴിക്കോട് സ്വദേശി എന്‍.കെ. ജാസിം എന്നിവര്‍ എന്‍ഐഎയുടെ പിടിയിലാകുന്നത്.

ഇവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിയാടി വളയന്നൂര്‍ സ്വദേശി റംഷാദ് (ആമു) പിടിയിലായി. അബു ബഷീര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ ഉക്കടം ജിഎം നഗറില്‍ നിന്ന് നവാസും (24), മുഹമ്മദ് റഹ്മാനും (26) വലയിലാകുന്നത്. ഇതിനിടെ കാസര്‍ഗോഡ് നിന്നും അപ്രത്യക്ഷരായവരില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന വിവരവും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്‍ഐഎയുടെ പിടിയിലായ ഐഎസ് ബന്ധമുള്ള യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തു. എട്ടു മാസം മുമ്പാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തുന്നതിന് ടെലഗ്രാമില്‍ ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലിയെന്ന വ്യാജ പേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദാണ്  ഇതിന്റെ പ്രധാന സൂത്രധാരനെന്നു പറയുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പിലേക്ക് വ്യാജ വിലാസത്തില്‍ അപേക്ഷ അയച്ച് പങ്കാളികളായി. ഗ്രൂപ്പിലെ ഓരോ ദിവസത്തെ ആശയവിനിമയങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് ഇവരെ വലയിലാക്കുന്നത്. ഗ്രൂപ്പിലെ ഓരോരുത്തരേയും  രഹസ്യാന്വേഷണ വിഭാഗം പിന്തുടര്‍ന്നു.

കൊച്ചിയിലെ സമുദായ സമ്മേളനത്തിലേക്ക് ടിപ്പര്‍ ലോറിയിടിച്ചു കയറ്റുന്നതിനെക്കുറിച്ച് ഗ്രൂപ്പില്‍ ചര്‍ച്ചയായി. ഇതു തടയാന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപ്പെട്ടതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായി. ടെലഗ്രാമിലെ ഒറ്റുകാരനെ കണ്ടെത്തുന്നതിനായാണ് അഞ്ചംഗസംഘം കനകമലയില്‍ യോഗം ചേരാനെത്തിയത്. ഈ വിവരം ചോര്‍ത്തി പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ പിടികൂടുന്നത്. ചാറ്റിംഗ് ഗ്രൂപ്പിലുള്ള മലയാളികളില്‍ ചിലര്‍ വിദേശത്താണെന്നും വ്യക്തമായിട്ടുണ്ട് ഇവരും നിരീക്ഷണത്തിലാണ.്

Related posts