ഇസ്രയേലിന്റെ ബെറെഷീറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് 500കി.മി വേഗത്തില്‍ ! എന്നാല്‍ വിക്രം ലാന്‍ഡറിന് സംഭവിച്ചത് എന്തെന്നറിയാന്‍ ഡേറ്റ ഇസ്രയേല്‍ സ്‌പേസ് ഏജന്‍സിയ്ക്കു കൈമാറാന്‍ ഐഎസ്ആര്‍ഒ…

ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഈ അവസാന നിമിഷം എന്താണ് സംഭവിച്ചതെന്ന് ഇസ്രോ ഗവേഷകര്‍ പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ചന്ദ്രനില്‍ പേടകമിറക്കാമെന്ന ഇസ്രയേലിന്റെ ദീര്‍ഘനാളത്തെ സ്വപ്നം പൊലിഞ്ഞതും ഈ വര്‍ഷം തന്നെയാണ്. ഇസ്രയേല്‍ തദ്ദേശീയമായി നിര്‍മിച്ച ബേറെഷീറ്റ് എന്ന ബഹിരാകാശ പേടകം ലാന്‍ഡിംഗിന്റെ അവസാന നിമിഷങ്ങളിലാണ് തകര്‍ന്നു വീണത്.

അന്ന് 500 കിലോമീറ്റര്‍ വേഗത്തിലാണ് ബേറെഷീറ്റ് പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതു തന്നെയാണോ വിക്രം ലാന്‍ഡറിനും സംഭവിച്ചതെന്ന് ഗവേഷര്‍ പഠിക്കുന്നുണ്ട്. വിക്രം ലാന്‍ഡറിനു അവസാന നിമിഷം എന്തു സംഭവിച്ചുവെന്നത് സംബന്ധിച്ച ഡേറ്റ ഇസ്രോ ഗവേഷകര്‍ ഇസ്രയേല്‍ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് ഐഎല്ലിന് കൈമാറിയേക്കും. ഇസ്രയേലിന്റെ റോബോട്ടിക് ലാന്‍ഡര്‍ ഏപ്രില്‍ 11 നാണ് തകര്‍ന്നത്.

രണ്ടു ദൗത്യങ്ങളുടെയും പരാജയ കാരണങ്ങള്‍ വിലയിരുത്തും. ഇതുവഴി അടുത്ത ചന്ദ്രയാന്‍ പദ്ധതിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. വിക്രം ലാന്‍ഡറിനെ കുറിച്ച് പഠിക്കാന്‍ ഇസ്രോ പ്രത്യേകം സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ബേറെഷീറ്റ് പേടകം തകരാനിടയായ കാരണങ്ങള്‍ പഠിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡറും വിക്ഷേപിച്ചത്. വിക്രം ലാന്‍ഡറിനു സംഭവിച്ചതു പോലെ തന്നെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബേറെഷീറ്റ് പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

എന്‍ജിനിലെ തകരാറാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകത്തെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ഏഴാമത്തെ രാജ്യമാകാന്‍ ഇസ്രയേലിന് സാധിച്ചു. 585 കിലോഗ്രാം ഭാരമുള്ള പേടകം കഴിഞ്ഞ ഫെബ്രുവരി 22 നാണ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍-9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ലാന്‍ഡറുമായുള്ള ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കട്ടെ എന്ന പ്രാര്‍ഥനയിലാണ് എല്ലാ ഇന്ത്യക്കാരും.

Related posts