ജേക്കബ് തോമസ് മാറേണ്ട; മാറ്റിയാല്‍ സര്‍ക്കാരിന്റെ അഴിമതി വിരുധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഎം

tcr-CPIMതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റേണ്ടെന്ന് സിപിഎം തീരുമാനിച്ചു. സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസ് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം രാവിലെ എകെജി സെന്ററില്‍ ചേര്‍ന്നത്. പുന്നപ്ര–വയലാര്‍ സമരവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു.

ജേക്കബ് തോമസ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയെ അറിയിച്ചു. എകെജി സെന്ററില്‍ എത്തി മുഖ്യമന്ത്രി ഇരുവരെയും കണ്ടു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയാല്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഎം നേതൃത്വം ഭയപ്പെടുന്നുണ്ട്. അതിനാലാണ് ജേക്കബ് തോമസ് തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരട്ടെ എന്ന് പാര്‍ട്ടി നിലപാടെടുത്തത്.

ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിക്കും. ജേക്കബ് തോമസിനെ സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി മന്ത്രിസഭായോഗത്തിന് മുന്‍പ് അറിയിക്കാനും സാധ്യതകളുണ്ട്. സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് രാവിലെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

Related posts