താരപുത്രര്‍ സിനിമയിലേയ്ക്ക് ഇടിച്ചുകയറുമ്പോള്‍ മാറിചിന്തിച്ച് ഷാജി കൈലാസ്, ആനി ദമ്പതികളുടെ മകന്‍, ജഗന്‍! വ്യത്യസ്തനായ ഈ താരപുത്രന് സിനിമയേക്കാള്‍ പ്രിയം സമൂസയോട്

താരപുത്രന്മാരുടെയും പുത്രിമാരുടെയും സിനിമയിലേയ്ക്കുള്ള അരങ്ങേറ്റത്തിന് അടുത്തകാലത്തായി മലയാള സിനിമാലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, ഗോകുല്‍ സുരേഷ്‌ഗോപി, കാളിദാസ് ജയറാം, കല്ല്യാണി പ്രിയദര്‍ശന്‍, അഹാന കൃഷ്ണകുമാര്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന എല്ലാ താരങ്ങളുടെയും മക്കള്‍ മലയാളത്തില്‍ ഏതെങ്കിലുമൊക്കെ മേഖലയില്‍ കടന്നുകൂടിയിട്ടുള്ളവരാണ്.

എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് താരദമ്പതികളായ ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ ജഗന്‍. സിനിമയില്‍ കൈവയ്ക്കുന്നില്ലെന്ന് മാത്രമല്ല, ഇപ്പോഴത്തെ യുവാക്കള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു മേഖലയാണ് തെരഞ്ഞെടുത്തിരിക്കുന്നതും. സമൂസ കച്ചവടമാണ് ജഗന്‍ തന്റെ വരുമാന മാര്‍ഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.

അമിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ജഗന്‍ തിരുവനന്തപുരത്ത് നാലുമണി പലഹാരങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു ഷോപ്പ് ആരംഭിച്ചിരിക്കുകയാണ്. മൂന്നു മക്കളില്‍ മൂത്തവനാണ് ജഗന്‍. സുഹൃത്ത് ബിജിത്തും കൂടെ ചേര്‍ന്നിട്ടുണ്ട്. അങ്ങനെ ഇരുവരും ചേര്‍ന്നുള്ള ആലോചനയ്ക്ക് ശേഷമാണു സമൂസ പോയിന്റ് എന്ന ആശയം മുന്നോട്ട് വന്നത്.

സമൂസ കേരളത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമായ ഒന്നാണ്. എന്നാല്‍ വ്യത്യസ്തമായ സമൂസകള്‍ ലഭിക്കുന്ന സ്ഥലം അധികമില്ല. ഈ അവസരമാണ് ഞങ്ങള്‍ വിനിയോഗിക്കാന്‍ തീരുമാനിച്ചത്. സമൂസ പോയിന്റ് എന്ന് സ്ഥാപനത്തിന് പേര് നല്‍കിയ ശേഷം അമ്മ ആനിയോട് ജഗന്‍ കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞു. സമൂസ പോയിന്റിനെ വ്യത്യസ്തമാക്കുന്ന റെസിപ്പികള്‍ നിര്‍ദ്ദേശിച്ചത് പാചകവിദഗ്ധ കൂടിയായ ആനി തന്നെയാണ്.

ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തില്‍ വേണം തങ്ങളുടെ സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്ന് ജഗനും ബിജിത്തിനും നിര്‍ബന്ധം ഉണ്ടായിരുന്നു. ബിബിഎ പഠനത്തിന്റെ ഭാഗമായി ഖത്തറിലെ ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത ഒന്നര ലക്ഷം രൂപയായിരുന്നു ജഗന്റെ ആകെയുള്ള നിക്ഷേപം. അങ്ങനെ 2017 ഒക്ടോബര്‍ 24 നു തിരുവനന്തപുരത്ത് ജഗന്റെ സമൂസ പോയിന്റ് തുറക്കുകയായിരുന്നു. സ്ഥാപനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണിപ്പോള്‍.

 

Related posts