കൊച്ചേ എന്നല്ലാതെ വിളിയ്ക്കില്ല! ജഗതിശ്രീകുമാറിന്റെ ഊണുകഴിയ്ക്കലിനുമുണ്ടായിരുന്നു പ്രത്യേകത; അമ്പിളിച്ചേട്ടനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഉര്‍വ്വശി

മലയാളികളുടെ മനസില്‍ എന്നും പച്ചപിടിച്ച് നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ഉര്‍വ്വശി. മുന്‍നിര നായകരുടെയെല്ലാം നായികയായി അഭിനയിച്ച് കഴിവു തെളിയിച്ചിട്ടുള്ള ഉര്‍വ്വശി മലയാള സിനിമയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള സ്ത്രീരത്‌നമാണ്. പ്രശസ്തരമായ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള ഉര്‍വ്വശി അവരെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ ഒരു മാസികയുമായി പങ്കുവയ്ക്കുകയുണ്ടായി. അതിലൊരാള്‍ മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറായിരുന്നു. എപ്പോള്‍ എവിടെ വച്ച് കണ്ടാലും കൊച്ചേ എന്ന് മാത്രം വിളിച്ചിരുന്ന താന്‍ ഏറെ സ്‌നേഹിച്ചിരുന്ന ജഗതിയെക്കുറിച്ച് ഉര്‍വശി വാചാലയാവുന്നു…

ഞങ്ങള്‍ ഒരേ സമയം രണ്ടും മൂന്നും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരുന്ന കാലം. പകല്‍ ഒരു സെറ്റില്‍. വൈകുന്നേരമാകുമ്പോള്‍ കാര്‍ വരും. മുന്‍ സീറ്റില്‍ അങ്കിള്‍ കയറും. പിന്നില്‍ ഞാനും എന്റെ ഹെയര്‍ ചെയ്യുന്ന പെണ്‍കുട്ടിയും. അന്നൊക്കെ കാറിലായിരുന്നു ഉറക്കം. കയറുമ്പോഴേ അങ്കിള്‍ ഉറങ്ങാന്‍ തുടങ്ങും. അഭിനയിച്ചു കഴിഞ്ഞ് നേരം വെളുക്കുമ്പോഴേക്കും അടുത്ത സെറ്റില്‍…എവിടെയായാലും ‘കൊച്ചേ’ എന്നു വിളിച്ച് കൂടെ ഉണ്ടാവും. ലൊക്കേഷനില്‍ ജഗതിയങ്കിളിന്റെ ഊണു കഴിക്കലിന് ഒരു പ്രത്യേകതയുണ്ട്. ആരെയും കാത്തുനില്‍ക്കില്ല.

ബ്രേക്ക് പറഞ്ഞാല്‍ നേരെ പോകും. ഭക്ഷണവുമെടുത്ത് ഒരു മൂലയില്‍ പോയിരിക്കും, കഴിക്കും. പിന്നെ തണലുള്ള ഒരു സ്ഥലം കണ്ടുപിടിക്കും. നീണ്ടു നിവര്‍ന്ന് ഒറ്റക്കിടത്തം. ചിലപ്പോള്‍ ഊണു കഴിക്കാന്‍ പോകുമ്പോ വിളിക്കും. ‘കൊച്ചേ…, കാന്താരിമുളകുണ്ട്. വേണമെങ്കില്‍ കൂടെ വാ… ചേച്ചി വരാനുണ്ട്, അമ്മായി വരാനുണ്ട് എന്നൊക്കെ പറഞ്ഞാല്‍ അവിടെ നിന്നാ മതി. എനിക്ക് കാത്തിരിക്കാന്‍ വയ്യ. ചോറുമെടുത്ത് ഞാന്‍ വേഗം അടുത്ത് ചെന്നിരിക്കും. തൈര് ചോറിലൊഴിച്ചാല്‍ അപ്പോ കൈയില്‍ കുപ്പി വരും. അതില്‍ വിനാഗിരിയില്‍ ഇട്ട കാന്താരിയോ വെളുത്തുള്ളിയോ ഉണ്ടാകും. സ്പൂണ്‍ കൊണ്ട് നാലഞ്ച് കാന്താരി എടുത്ത് എന്റെ പാത്രത്തിലേക്കിടും. ‘ബി പിക്കുള്ള നല്ല മരുന്നാ. കൊച്ച് കഴിക്കെ’ന്ന് പറയും. അത്ര സ്നേഹവും കരുതലും ആയിരുന്നു.

 

Related posts