കോഴിക്കോട്: പുട്ട് കുടുംബബന്ധം തകര്‍ക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പുട്ടുപൊടി കമ്പനികള്‍.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാന്‍ഡഡ് പുട്ട് നിര്‍മാണ സ്ഥാപനങ്ങളാണ് തങ്ങളുടെ മോഡലാകാന്വേണ്ടി ബംഗളൂരു എസ്എഫ്എസ് അക്കാദമിയിലെ വിദ്യാര്‍ഥി ജെയിസ് ജോസഫിനെ സമീപിച്ചത്.
എന്നാല്‍, പുട്ടിനെതിരായ നിലപാടില്‍ ഉറച്ചുനിന്ന ജെയിസ് ഈ കമ്പനികളുടെ ഓഫറുകളെല്ലാം നിരസിച്ചു. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയില്‍ ജെയിസ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലും അഭ്യര്‍ഥനയുമായി കേരളത്തിലെ പുട്ടുപൊടി കമ്പനി പ്രതിനിധികള്‍ എത്തി.
പുട്ട് കുടുംബബന്ധം തകർക്കും
കോഴിക്കോട് മുക്കം മാമ്പറ്റ തേക്കനാല്‍ സോജി ജോസഫിന്റെയും ദിയയുടെയും മകനാണ് ജെയിസ് ജോസഫ്. മാതാപിതാക്കള്‍ ബംഗളൂരുവില്‍ ഐടി എന്‍ജിനിയര്‍മാരാണ്.
മിഷനറീസ് ഓഫ് സെന്റ്. ഫ്രാന്‍സിസ് ഡി സെലസിന്റെ കീഴിലുള്ളതാണ് എസ്എഫ്എസ് അക്കാദമി.വാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ മൂന്നാം ക്ലാസ് മോഡല്‍ പരീക്ഷയില്‍ ഇംഗ്ലീഷ് പേപ്പറിന്റെ ഒരു ചോദ്യം ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് എഴുതാനായിരുന്നു.
മാതാപിതാക്കള്‍ക്കു ജോലിക്കുപോകേണ്ടതിനാല്‍ മിക്ക ദിവസവും ജെയിസിന്റെ വീട്ടില്‍ പുട്ടും പഴവുമായിരുന്നു പ്രഭാതഭക്ഷണം. മാമ്പറ്റയിലെ പറമ്പില്‍ ധാരാളം പഴങ്ങളുള്ളതിനാല് ബംഗളൂരുവിലേക്കു പോകുമ്പേള്‍ പഴങ്ങള്‍ കൊണ്ടുപോകുന്നത് പതിവാണ്.
രണ്ടര വര്‍ഷത്തെ കോവിഡ്കാല വര്‍ക്ക്അറ്റ് ഹോം ജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം തിരിച്ചുപോയപ്പോഴും സോജിയും കുടുംബവും വാഴക്കുലകള്‍ കരുതിയിരുന്നു. പരീക്ഷ നടന്ന ദിവസം രാവിലെയും ജെയിസിന് പുട്ടും പഴവുമാണ് പ്രഭാതഭക്ഷണമായി നല്‍കിയത്.
നോണ്‍വെജ് ഇഷ്ടപ്പെടുന്ന ജെയിസ് പുട്ടിന്റെ പേരില്‍ അമ്മയുമായി മിക്ക ദിവസവും വഴക്കു പതിവാണ്. ഉത്തരപേപ്പറില്‍ തന്റെ അനുഭവമാണ് കുട്ടി പകര്‍ത്തിയത്.
പുട്ട് ഉണ്ടാക്കി അഞ്ചുമിനിട്ട് കഴിയുമ്പോള്‍ പാറപോലെയാകുമെന്നും തനിക്ക് പുട്ട് ഇഷ്ടമല്ലെന്നും ജെയിസ് ഉത്തരക്കടലാസില്‍ എഴുതി.
വേറെ ഭക്ഷണം ചോദിച്ചാല്‍ അമ്മ തരില്ല.അപ്പോള്‍ താന്‍ കരയും.വഴക്കുണ്ടാകും. പുട്ട് കുടുംബബന്ധത്തെ തകര്‍ക്കുന്ന ഭക്ഷണമാണെന്നായിരുന്നു ജെയിസിന്റെ വിലയിരുത്തല്‍.
നിരവധി ആളുകൾ വിളിച്ചു
മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ റിച്ചാര്‍ഡ് അസാധാരണ നിരീക്ഷണമുള്ള ഈ ഉത്തരക്കടലാസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഇതു ഒരു മാധ്യമ പ്രവര്ത്തകന് ഷെയര്‍ ചെയ്യുകയും നടന് ഉണ്ണിമുകുന്ദന് അത് ഏറ്റെടുക്കുകയും ചെയ്തു. 62,000 പേരാണ് ഉണ്ണിമുകുന്ദന്റെ ടിറ്റ്വറില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.
ഉണ്ണിമുകുന്ദന് വീട്ടില്‍ചെന്ന് ജെയിസിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.സമൂഹ മാധ്യമങ്ങളില്‍ അതിവേഗം ജെയിന്റെ ഉത്തരപേപ്പര്‍ വൈറലായി. ഓസ്ട്രേലിയ, യുകെ, ജര്‍മനി, യുഎസ്എ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ ജെയിസിനെ വിളിച്ച് അഭിനന്ദിച്ചതായി അച്ഛന് സോജി ജോസഫ് പറഞ്ഞു.
സ്കൂളിലെ താരമായി ജെയിസ് മാറിക്കഴിഞ്ഞു. ചോദ്യപേപ്പര്‍ പരമ്പരാഗത രീതിയിലല്ലെന്നും വിദ്യാര്‍ഥികളിലേക്ക് എളുപ്പത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ സംഭവം തെളിയിച്ചതിനാല്‍ സ്കൂള്‍ അധികൃതരും സന്തോഷത്തിലാണ്.
പുട്ട് വ്യാപാരത്തെ ബാധിച്ചു
പുട്ടിനെതിരായ ജെയിസിന്റെ കുറിപ്പ് പുട്ട് വ്യാപാരത്തെ ബാധിച്ചതായാണ് പുട്ട് നിര്‍മാണ കമ്പനികളുടെ പരാതി. അതുകൊണ്ടാണ് പുട്ട് നിര്‍മാണ കമ്പനികളുടെ മോഡലാകാനുള്ള അഭ്യര്‍ഥനയുമായി കമ്പനികള്‍ എത്തിയത്.
ഒരു പുട്ട് കമ്പനി പരസ്യം ഷൂട്ട് ചെയ്യാനുള്ള കാമറ ടീമുമായാണ് ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. തങ്ങളുടെ പുട്ട് സോഫ്റ്റ് ആണെന്നും എല്ലാവരും ഇഷ്ടപ്പെടുന്നതാണെന്നും പറയാനായിരുന്നു ഒരു ബ്രാന്‍ഡഡ് പുട്ട് കമ്പനിയുടെ അഭ്യര്‍ഥന.
ഏതായാലും പുട്ട് തന്റെ ശത്രുവാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജെയിസ്. അതുകൊണ്ടുതന്നെ പുട്ട് കമ്പനികള്‍ക്കു നിരാശരായി മടങ്ങേണ്ടിവന്നു.
സോജി ജോസഫിന്റെ അച്ഛന് ജോസഫ് തൊടുപുഴയില്‍ നിന്നും അമ്മ മേരി പാലായില്‍ നിന്നും ജോലി ആവശ്യാര്‍ഥം മാമ്പറ്റയിലേക്കു കുടിയേറിയവരാണ്.
ജോസഫ് കക്കാടംപൊയില്‍ സ്കൂളില്‍നിന്നും മേരി മണാശ്ശേരി സ്കൂളില്‍നിന്നുമാണ് റിട്ടയര്‍ ചെയ്തത്.സോജിയുടെ സഹോദരി സിസ്റ്റര്‍ ഡോ.രമ്യ ജോസ് താമരശേരി ചാവറ ഹോസ്പിറ്റലില്‍ ഫിസിഷ്യനാണ്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ലിസ് മരിയയും നഴ്സറി വിദ്യാര്‍ഥിയായ ക്രിസുമാണ് ജെയിസിന്റെ സഹോദരങ്ങള്‍. മകന്റെ ഉത്തരക്കടലാസ് വൈറലായതില്‍ അഭിമാനം കൊള്ളുകയാണ് സോജി ജോസഫ്.