ജയലളിത സ്വത്തുകള്‍ അനാഥാലയങ്ങള്‍ക്കും സര്‍ക്കാരിനുമായി എഴുതിവച്ചോ? കോടികളുടെ വസ്തുവകകള്‍ എന്തുചെയ്യണമെന്ന് ഇനി ശശികല തീരുമാനിക്കും

jayaതമിഴകത്തിന്റെ അമ്മ വിടവാങ്ങിയതോടെ ഇനി ചര്‍ച്ചകള്‍ ജയലളിതയുടെ സ്വത്തുവകകളെ ചുറ്റിപ്പറ്റിയാകും. കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും സ്വര്‍ണാഭരണങ്ങളും ഇനി എന്തു ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജയലളിത തന്റെ സ്വത്തുക്കള്‍ ചില ട്രസ്റ്റുകള്‍ക്കും അനാഥാലയത്തിനും സര്‍ക്കാരിലേക്കും എഴുതിനല്കിയിരുന്നെന്നു സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ബന്ധുക്കളോ മക്കളോ ഇല്ലാത്തതിനാല്‍ ഉറ്റ തോഴി ശശികലക്ക് മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയുകയുള്ളൂ. ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ‘വേദനിലയം’ വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയില്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാര്‍ഡനിലെ വസതി വാങ്ങിയത്. രാഷ്ട്രീയത്തില്‍ ഒറ്റയാനായിരുന്നപ്പോഴും ജയലളിതയുടെ പേരില്‍ കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. സിനിമയില്‍നിന്നു സമ്പാദിച്ചതും രാഷ്ട്രീയത്തില്‍നിന്നു നേടിയതുമായി. നീലഗിരി ജില്ലയിലെ കോടനാട് എസ്‌റ്റേറ്റില്‍ ബംഗ്‌ളാവുകളോടുകൂടിയ 898 ഏക്കര്‍ തേയിലത്തോട്ടമാണിതില്‍ പ്രധാനം. ഒരു ഏക്കറിന് സുമാര്‍ അഞ്ച് കോടി മതിപ്പുള്ളതിനാല്‍ ഈ സ്വത്തിന് മാത്രം 4000 കോടി രൂപ വരും.

ജയ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരുന്നത് ഇവിടെയായിരുന്നു. കൂടാതെ തിരുനല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിറുതാവൂരില്‍ 25 ഏക്കര്‍, കാഞ്ചിപുരത്തില്‍ 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കര്‍, സ്വകാര്യ ആഗ്രോ ഫാമിന്‍െറ പേരില്‍ 100 ഏക്കര്‍, ഹൈദരാബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം എന്നിങ്ങനെ വേറെയും. അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ തോട്ടത്തില്‍നിന്ന് 21.283 കിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. അവസാനക്കാലത്ത് നിരവധി പാവങ്ങള്‍ക്ക് അവര്‍ പണമായും സ്വര്‍ണമായും വലിയ സഹായങ്ങള്‍ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം പക്ഷേ ഊഹപോഹങ്ങളാണെന്നുമാത്രം.

Related posts