സോഷ്യല്‍മീഡിയകളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല, അതിന് കാരണവുമുണ്ട്! സിനിമ റിലീസാകുന്ന സമയത്ത് മാത്രം ‘ഫേസ്ബുക്കിലെ നന്മമര’മാകുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ജയസൂര്യ

അടുത്ത കാലത്തായി നടന്‍ ജയസൂര്യ കേള്‍ക്കുന്ന ഒരു ആരോപണമാണ്, സ്വന്തം സിനിമ റിലീസാവുന്ന സമയത്ത് മാത്രമാണ് അദ്ദേഹത്തിലെ സാമൂഹ്യബോധം ഉയരുകയുള്ളൂ എന്നും ആ സമയങ്ങളില്‍ അദ്ദേഹം ഫേസ്ബുക്കിലെ നന്മമരമാകുമെന്നുമുള്ളത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജയസൂര്യ ഇപ്പോള്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ജയസൂര്യയുടെ വാക്കുകളിങ്ങനെ…

‘ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. സോഷ്യല്‍ മീഡിയകളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ പേജിലൂടെ ഷെയര്‍ ചെയ്യുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.’ ജയസൂര്യ പറഞ്ഞു.

പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റി തികഞ്ഞ പ്രതീക്ഷയിലാണ് താരം. രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിനെകുറിച്ച് ആലോചിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്‌കോയെന്നും ജയസൂര്യ പറഞ്ഞു.

Related posts