ഇതാണ് വൈരുദ്ധ്യാമക ഭൗതികവാദം, അന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഓടിച്ചിട്ടു തല്ലിയപ്പോള്‍ സൈബര്‍ സഖാക്കള്‍ വിളിച്ചത് ഫാസിസ്റ്റ് പോലീസുകാരനെന്ന്, ഇപ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് ജയ് വിളിച്ച് അതേ സിപിഎമ്മുകാര്‍

യതീഷ് ചന്ദ്ര ഐപിഎസിനെ വാഴ്ത്തുന്നതിന്റെ തിരക്കിലാണ് ഫാസിസത്തിനെതിരേ പോരാടുന്ന സോഷ്യല്‍മീഡിയയിലെ ഒരുകൂട്ടര്‍. സിപിഎമ്മുകാരും ഒട്ടും പിന്നിലല്ല. ഒരു ഫേസ്ബുക്ക് ട്രോള്‍ പേജിനെ തന്നെ സ്വന്തം വരുതിക്കാക്കിയാണ് ഇവര്‍ എസ്പിയെ വാഴ്ത്തുന്നത്. കുറച്ചുവര്‍ഷം മുമ്പ് അങ്കമാലിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഒടിച്ചിട്ടു തല്ലിയ ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ബിജെപിക്കാരനായ കേന്ദ്രമന്ത്രിയെ യതീഷ് തടഞ്ഞതോടെ സിപിഎമ്മുകാര്‍ക്ക് ഹീറോയായി മാറിയിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍.

സിപിഎം മറന്ന ചരിത്രം

നാലുവര്‍ഷം മുമ്പൊരു മാര്‍ച്ച് പതിനാലിനാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അന്ന് ദേശീയപാത ഉപരോധിച്ച സിപിഎം പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും തല്ലിയാണ് യതീഷ് ചന്ദ്ര ഓടിച്ചത്. ഞാന്‍ അങ്കമാലിയിലെ ലോക്കല്‍ സെക്രട്ടറിയാണെന്നു പറഞ്ഞ് പ്രതിരോധിച്ച സിപിഎം നേതാവിനെ ഓടിച്ചിട്ടു തല്ലുകയും ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.

അന്ന് ലാത്തികൊണ്ടുള്ള അടിയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ന്നു. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നുമാത്രം.

വൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരേ സമരം ചെയ്ത കുരുന്നുകളും സ്ത്രീകളുമടക്കമുള്ള പ്രതിഷേധക്കാരെയും യതീഷ് ചന്ദ്ര നേരിട്ടിറങ്ങിയാണ് സമരക്കാരെ അടിച്ചോടിച്ചത്. എന്നാല്‍ തന്നെയും സഹോദരനെയും പോലീസ് തല്ലിയെന്ന് യതീഷ് ചന്ദ്രയെ സാക്ഷിയാക്കി അലന്‍ എന്ന കൊച്ചുകുട്ടി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍പറഞ്ഞു. ഇതോടെ യതീഷ് വെട്ടിലാകുകയും ചെയ്തു. പക്ഷേ നിയമനടപടി ഒന്നും ഉണ്ടായില്ലെന്ന് മാത്രം. ഇപ്പോള്‍ യതീഷിനെ പൊക്കിപ്പിടിച്ചു നടക്കുന്ന സിപിഎമ്മുകാര്‍ ഉടന്‍ മാറ്റിപ്പറയരുതെന്ന പരിഹാസവും സോഷ്യല്‍മീഡിയയില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.

Related posts