വിപ്ലവത്തോട് പറയുന്നു ‘ കടക്കു പുറത്ത്’ ! സിപിഎം സമ്മേളന വേദികളില്‍ വിപ്ലവഗാനങ്ങളുടെ സ്ഥാനത്ത് ഇപ്പോള്‍ മുഴങ്ങി കേള്‍ക്കുന്നത് ‘ ജിമിക്കി കമ്മല്‍’

കൊച്ചി: എന്തിനും ഏതിനും ‘ജിമിക്കി കമ്മല്‍’ അതാണ് ഇപ്പോള്‍ കേരളത്തിലെ അവസ്ഥ. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ പോലും ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു പാട്ടുണ്ടാകില്ല. ഫഌഷ് മോബ്, അടിയന്തിരം എന്തുമാകട്ടെ എല്ലായിടത്തും ജിമിക്കി കമ്മല്‍ മാത്രം. ഇപ്പോള്‍ സിപിഎമ്മിന്റെ സമ്മേളന വേദികളില്‍ പോലും ജിമിക്കി കമ്മലിന്റെ തരംഗമാണ്. സമ്മേളനം കൊഴുപ്പിക്കാനായി ലക്ഷങ്ങള്‍ പൊടിച്ച് ഗാനമേളയും ആഘോഷങ്ങളും നടത്തുമ്പോള്‍ ജിമിക്കി കമ്മലാണ് താരം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സി.പി.എം. സമ്മേളനങ്ങളാണ് പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും വേദിയായി മാറുന്നത്. ഉത്സവഛായയിലാണു പലയിടങ്ങളിലും സമ്മേളനങ്ങള്‍ നടക്കുന്നത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാസമ്മേളനങ്ങളും അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണിപ്പോള്‍.

രക്തസാക്ഷി അനുസ്മരണം, റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, മറുപടി, അഭിവാദ്യം അര്‍പ്പിച്ച് പിരിയല്‍ ഇതൊക്കെയാണു സാധാരണയായി സമ്മേളനങ്ങളില്‍ നടക്കാറുണ്ടായിരുന്നത്. ഏരിയാ സമ്മേളനങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വിപ്ലവഗാനം മാത്രമായിരിക്കും ഇത്തരം യോഗങ്ങളുടെ ആഡംബരം. ജില്ലാസമ്മേളനങ്ങള്‍ മുതലാണു സാധാരണയായി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതും. എന്നാല്‍ മാറ്റം അനിവാര്യമാണെന്ന പുതിയ നിര്‍ദേശം വന്നതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഉത്സവ സമാനമായി.വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മല്‍സരിക്കുകയാണ് എല്ലാവരും. ലക്ഷങ്ങള്‍ മുടക്കിയാണു പരിപാടികള്‍ വയ്ക്കുന്നത്. ജിമിക്കി കമ്മല്‍ പോലുള്ള തട്ടുപൊളിപ്പന്‍ ഗാനങ്ങളാണ് വേദിയില്‍ മുഴങ്ങുന്നത്.

രണ്ടുദിവസം നടക്കുന്ന സമ്മേളന വേദികളില്‍ രണ്ടുദിവസവും വൈകുന്നേരം പരിപാടികള്‍ സംഘടിപ്പിച്ചവരുമുണ്ട്. ഇടുക്കി ജില്ലയിലെ ഒരു ഏരിയാസമ്മേളനം നടന്നത് നാടന്‍പാട്ടിന്റെയും ഗാനമേളയുടെയും അകമ്പടിയോടെയാണ്. മൂവാറ്റുപുഴയ്ക്കു സമീപം ഒരു ഏരിയാസമ്മേളനത്തിനായി പാര്‍ട്ടി ഓഫീസും പരിസരവും അലങ്കാരബള്‍ബുകള്‍ കൊണ്ടു നിറച്ചാണു നേതാക്കളെ സ്വീകരിച്ചത്. ഇവിടെയുമുണ്ടായിരുന്നു പ്രമുഖ ഗ്രൂപ്പിന്റെ ഗാനമേള. എന്നാല്‍ ഇതിനെതിരേ പാര്‍ട്ടിക്കുള്ളിലെ ചില യാഥാസ്ഥിതികര്‍ മുറുമുറുക്കുന്നുണ്ട്. സ്ഥലത്തെ പ്രധാന ബിസിനസുകാരാണ് സ്‌പോണ്‍സര്‍മാരെന്നതിനാലും പരാതി പറഞ്ഞാല്‍ സ്ഥാനം തെറിക്കുമെന്നതിനാലും ആരും പരസ്യമായി പ്രതികരിക്കുന്നില്ല എന്നു മാത്രം.

 

Related posts