നാദാപുരം: പാമ്പാടി നെഹറു കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ എൻജിനിയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയുടെ മരണത്തിൽ ഉത്തരം തേടി സിബിഐ സംഘം നാദാപുരത്തെത്തി മാതാപിതാക്കളും ബന്ധുക്കളും ഉൾപെടെ പത്ത് പേരിൽ നിന്ന് ഇന്നലെ മൊഴിയെടുത്തു.
ഇന്ന് വൈകുന്നേരത്തോടെ മൊഴിയെടുക്കൽ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിബിഐ കൊച്ചി യൂണിറ്റ് കേസ് അന്യേഷണത്തിന്റെ ഭാഗമായി നാദാപുരം അഥിതി മന്ദിരത്തിൽ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണത്തിന് തുടക്കം കുറിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജിഷ്ണുവിന്റെ വളയം പൂവം വയലിലെ വീട്ടിലെത്തിയ അന്വേഷണ സംഘം മാതാവ് മഹിജയിൽ നിന്നും പിതാവ് അശോകനിൽ നിന്നും മൊഴിയെടുത്തു, നേരത്തെ രണ്ട് പേരുടെയും മൊഴി സിബിഐ രേഖപ്പെടുത്തുകയുണ്ടായിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയ പത്ത് പേരോട് സിബിഐ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മരണമടഞ്ഞ ജിഷ്ണുവിന്റെ മൃതദേഹം ഏറ്റുവാങ്ങിയവർ അവസാനമായി കണ്ടവർ സുഹൃത്തുക്കൾ ബന്ധുക്കൾ തുടങ്ങിയവരിൽ നിന്നാണ് സിബിഐ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. വെള്ളിയാഴ്ച്ചയും തെളിവെടുപ്പം മൊഴിയെടുക്കലും തുടരും.
സിബിഐ ഇൻസ്പെക്ടർ പി.വി. സുരേഷ്, ജിജോ, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. സംസ്ഥാന സർക്കാറിനെ പിടിച്ചുലച്ച ജിഷ്ണു പ്രണോയുടെ മരണവും കേസ് അന്വേഷണവും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2017 ജനുവരി 6 നാണ് കോളജ് ഹോസ്റ്റൽ മുറിയിൽ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.സംഭവത്തിൽ സുപ്രിം കോടതി ഉത്തരവിനെ തുടർന്ന് നെഹറു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാർ കൃഷ്ണദാസിനെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് കോടതി വിലക്കിയിരിക്കുകയാണ്.