പ്രീഡിഗ്രി പോലും പാസായിട്ടില്ല പിന്നല്ലേ എന്‍ഐടി ! പ്രൊഫസറായി വേഷം കെട്ടിയ ജോളി പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് വിവരം…

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന് വിവരം. 14 വര്‍ഷമാണ് ഇവര്‍ എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി നാട്ടുകാരെയും വീട്ടുകാരെയും പറ്റിച്ചത്. എല്ലാവരോടും പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാല്‍ നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.

പാലായില്‍ പാരലല്‍ കോളജില്‍ ജോളി ബികോമിനു ചേര്‍ന്നിരുന്നു. പക്ഷെ പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാര്‍ഗത്തിലാണ് ബികോമിനു ചേര്‍ന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു മുമ്പിലുയരുന്നത്. പാരലല്‍ കോളജില്‍ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. എന്‍ഐടി അധ്യാപികയായി വേഷമിടുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ജോളി വീട്ടില്‍ നിന്ന് വിട്ടു നിന്നിരുന്നു. വിവാഹശേഷം കൂടത്തായിയില്‍ എത്തിയപ്പോഴായിരുന്നു ഇത്. ബിഎഡിനു പഠിക്കുകയായിരുന്നുവെന്നാണ് ഇവര്‍ അന്ന് എല്ലാവരോടും പറഞ്ഞത്. എന്നാല്‍ ഇവര്‍ എവിടേക്കാണ് പോയിരുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്‍ഐടിയില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സുകളും ബ്യൂട്ടീഷ്യന്‍ കോഴ്‌സിനും ചേര്‍ന്നിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റു ചെയ്യുന്നതിനു മുന്‍പേ പൊന്നാമറ്റം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം ചില സര്‍ട്ടിഫിക്കറ്റുകള്‍ പൊലീസ് കണ്ടെടുത്തിയതും സംശയം വര്‍ധിപ്പിക്കുന്നു. എന്തായാലും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Related posts