വിയര്‍പ്പ് വിറ്റതിന്റെ വിഹിതം അവര്‍ ചോദിക്കാതെ തന്നെ തരുന്നുണ്ടല്ലോ! പിന്നെയുമെന്തിനാണ് ജനങ്ങളെ പറ്റിച്ച് ഒരു സര്‍ക്കീട്ട്; വിദേശയാത്രയ്‌ക്കൊരുങ്ങുന്ന മന്ത്രിമാരോട് നടന്‍ ജോയ് മാത്യു ചോദിക്കുന്നു

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ശേഖരിക്കുന്നതിനായി മന്ത്രിമാര്‍ വ്യത്യസ്ത വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നതാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന വാര്‍ത്ത. ഗുരിതാശ്വാസ ഫണ്ട് തേടിയുള്ള മന്ത്രിമാരുടെ ഈ യാത്ര സംബന്ധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വിയോജിപ്പാണുള്ളത്. സഹായം തേടിയുള്ള മന്ത്രമാരുടെ യാത്ര ബാധ്യതയായി മാറുമോ എന്നതാണ് പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുന്ന ആശങ്ക.

കൈമെയ് മറന്ന്, അവസ്ഥ കണ്ടും കേട്ടുമറിഞ്ഞ് വിദേശികള്‍ സംഭാവനകള്‍ കേരളത്തിലേയ്ക്ക് ഒഴുക്കികൊണ്ടിരിക്കുമ്പോള്‍ എന്തിന് ഇങ്ങനെയൊരു അനാവശ്യ ചിലവ് എന്നാണ് സാധാരണക്കാരായ ജനങ്ങളുടെ സംശയം.

നടന്‍ ജോയ് മാത്യുവും സമാനമായ രീതിയില്‍ തന്റെ ആശങ്ക പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചക്കും കാരണക്കാരായ വിദേശികളോട് അങ്ങോട്ട് ചെന്ന് സംഭാവന സ്വീകരിക്കേണ്ട കാര്യമുണ്ടോ എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സംശയം. ഇനി പോയേ മതിയാവൂ എന്നാണെങ്കില്‍ പ്രതിപക്ഷത്തെക്കൂടി കൂട്ടത്തില്‍ കൂട്ടിക്കൂടെയെന്നും പരിഹാസരൂപേണ അദ്ദേഹം ചോദിക്കുന്നു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

എന്തിനു ?
————
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ?

വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് സ്വന്തം നാടിനെ പുലര്‍ത്തിപ്പോരുന്ന മലയാളികള്‍, മന്ത്രിമാര്‍ അങ്ങോട്ട് എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയര്‍പ്പ് വിറ്റ് പണമായും സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .

വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തില്‍
പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവില്‍ ഈ സര്‍ക്കീട്ട് ? ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കില്‍ത്തന്നെ നവകേരളം സൃഷ്ടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്ന് പറയുന്നവര്‍ വിദേശരാജ്യപണപ്പിരിവ് സര്‍ക്കീട്ടുകളില്‍ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി നവകേരള സൃഷ്ടിയില്‍ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?

ഇനി ജനങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ഞങ്ങള്‍ പോകും എന്നുതന്നെയാണ് വാശിയെങ്കില്‍ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങള്‍ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിര്‍വഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.

Related posts