ഒലിയെ വെട്ടാന്‍ പ്രചണ്ഡ ! ഭൂപടം മാറ്റി വരയ്ക്കാന്‍ സമയം കണ്ടെത്തിപ്പോള്‍ നേപ്പാളിന്റെ സ്ഥലങ്ങള്‍ ചൈന സ്വന്തമാക്കി; നേപ്പാളില്‍ ‘മാന്‍ഡരിന്‍’ പഠനം സ്‌പോണ്‍സര്‍ ചെയ്ത് ചൈന; നേപ്പാളിനെതിരേ തന്ത്രപരമായ നീക്കവുമായി ഇന്ത്യ…

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി തെറിച്ചേക്കുമെന്ന് വിവരം.

ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ഒലിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒലി പരാചയമാണെന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം.

മാത്രമല്ല ചൈനയുടെ കൈയ്യേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ഒലിയുടെ പ്രവണതയും പാര്‍ട്ടിക്കുള്ളിലെ പ്രധാന എതിരാളിയായ പ്രചണ്ഡ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനിടയാക്കിരിക്കുകയാണ്.

ചൈനയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ നിരന്തരമായി കൈക്കൊള്ളുന്നതില്‍ പാര്‍ട്ടിയ്ക്ക് ഒന്നടങ്കം എതിര്‍പ്പാണുള്ളത്.

ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുള്ള പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യയുടെ നീക്കം.കഴിഞ്ഞ ദിവസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്.

പ്രധാനമന്ത്രിയായി തുടരാന്‍ ഒലി ചെയ്ത പ്രവൃത്തികളെക്കുറിച്ചു പ്രചണ്ഡ വെളിപ്പെടുത്തല്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുകയാണ് ഒലിയെന്നും വിമര്‍ശനമുണ്ടായി.

അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞു. കമ്മിറ്റിയില്‍ ഒലിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ അദ്ദേഹത്തിന് അധികാരമൊഴിയേണ്ടി വന്നേക്കാം.

എന്നാല്‍ തന്നെ ഭരണത്തില്‍ നിന്നു തെറിപ്പിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ ഇന്ത്യയുടെ കളിയാണെന്ന് ഒലി ആരോപിച്ചു.

അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് മദന്‍ ഭണ്ഡാരിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു കഠ്മണ്ഡുവില്‍ നടന്ന യോഗത്തിലായിരുന്നു ഒലിയുടെ ആരോപണം.

ഒലിയുടെ വാക്കുകള്‍ ഇങ്ങനെ…’പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ രാജ്യത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കിയതിന് എന്നെ നീക്കം ചെയ്യാനുള്ള ഗൂഢാാലോചന നടക്കുന്നു.

ന്യൂഡല്‍ഹിയില്‍നിന്നുള്ള മാധ്യമ വാര്‍ത്തകളുടെയും കഠ്മണ്ഡുവിലെ വിവിധ ഹോട്ടലുകളിലെ ഇന്ത്യന്‍ എംബസിയുടെ യോഗങ്ങളുടെയും വെളിച്ചത്തില്‍ പരസ്യമായി എന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കാം’ ഒലി പറഞ്ഞു.

കമ്യൂണിസ്റ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രചണ്ഡയുടെ കൂടെയാണ്. ഇത്തരത്തില്‍ രാജി ആവശ്യം ഉയരുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ ആരോപണമുന്നയിക്കുന്നത് ഒലിയുടെ പതിവാണ്.

2016 ഓഗസ്റ്റില്‍ ഒലി സര്‍ക്കാര്‍ വീണപ്പോഴും ഇന്ത്യക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഒമ്പതു മാസം മാത്രമാണ് അന്നു സര്‍ക്കാര്‍ അധികാരത്തിലിരുന്നത്. നേപ്പാളിന് ഇന്ത്യയോടുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കാനുള്ള ചൈനീസ് നീക്കങ്ങള്‍ക്ക് അന്ന് അതു വലിയ തിരിച്ചടിയായിരുന്നു.

ചൈനയുമായി നിരവധി കരാറുകളാണ് അന്ന് ഒലി സര്‍ക്കാര്‍ ഒപ്പുവച്ചിരുന്നത്. ഇതോടെ ഇന്ത്യ കടുത്ത സാമ്പത്തിക, വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തി.

അവശ്യവസ്തുക്കളുടെ നീക്കം പൂര്‍ണമായി തടസപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തിലായി. 2018ല്‍ അധികാരത്തിലെത്തിയപ്പോള്‍ ഒലി ചൈനയോടു കൂടുതല്‍ അടുത്തു.

തന്ത്രപ്രധാനമായ ലിപുലേഖ് ചുരം തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്‌കരിക്കുന്നവരെ കാര്യങ്ങള്‍ എത്തി. നേപ്പാളിലെ സ്‌കൂളുകളില്‍ ചൈനീസ് ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. മാന്‍ഡരിന്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളം തങ്ങള്‍ കൊടുക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേപ്പാളിന്റെ നടപടികള്‍ മൂന്നാമതൊരു രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്നു കുറ്റപ്പെടുത്തിയ ഇന്ത്യ ഇക്കുറി തന്ത്രപരമായാണ് നീങ്ങുന്നത്.കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അവര്‍ക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടാതെ നോക്കുന്നുണ്ട്.

മേയില്‍ നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരം 300 മില്യന്‍ ഡോളര്‍ കവിഞ്ഞു. നേപ്പാള്‍ ജനത ഇപ്പോഴും ഇന്ത്യന്‍ അനൂകൂല നിലപാട് കൈക്കൊള്ളുന്നതിനാല്‍ അവരെ വെറുപ്പിക്കാതെയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഇന്ത്യയുടെ ശ്രമം.

Related posts

Leave a Comment