ഒരു മൂട് കാച്ചില്‍ 300 കിലോ! പറിച്ചത് ക്രെയിന്‍ വരുത്തി

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും സമ്പൂര്‍ണ സമര്‍പ്പണവുമാണു കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല കൊടിന്തറ കെ.സി. തോമസുകുട്ടിയെ മികച്ച കര്‍ഷകനാക്കിയത്.

പിതാവ് കുഞ്ഞച്ചനില്‍ നിന്നു ലഭിച്ച കൃഷി അറിവുകള്‍ തന്‍റെ അനുഭവങ്ങളോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കൃഷിയിടത്തില്‍ തോമ സുകുട്ടിക്ക് 100 മേനി വിളവ്.

തോമസുകുട്ടിക്ക് സ്വന്തമായി 25 സെന്‍റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ സമീപത്തെ കങ്ങഴ, വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകളിലായി അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് അദ്ദേഹം കൃഷി ചെയ്യുന്നു.

ഗുണമേന്മയുള്ളതും വലുപ്പ മുള്ളതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കാന്‍ തോമസ് കുട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്.

മുന്നൂറു കിലോ തൂക്കമുള്ള കാച്ചില്‍ എന്നു പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിക്കില്ല. നാലുപേരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണു കാച്ചില്‍ പറിച്ചതെന്നു കൂടി പറയുമ്പോള്‍ ആശ്ചര്യം അതിരു കടക്കും.

തോമസു കുട്ടിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ ഈ ഭീമന്‍ കാച്ചിലിന് എട്ടടി നീളമുണ്ടായിരുന്നു. നൂറുകിലോയുള്ള കാച്ചില്‍ പല തവണ ഇദ്ദേഹം വിളയിച്ചെടുത്തിട്ടുണ്ട്.

മലയനും വാഴൂരാനും തോമസുകുട്ടിക്ക് സ്വന്തം

ഒരുമൂട്ടില്‍ നൂറു കിലോ തൂക്കമുള്ള മരച്ചീനി വിളയിച്ചിട്ടുള്ള തോമസുകുട്ടി, മലയന്‍, വാഴൂര്‍ കപ്പ (വാഴൂരാന്‍) എന്നീ മരച്ചീനി ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

കള്‍ച്ചര്‍ ചെയ്താണ് പുതിയ ഇനങ്ങള്‍ വികസിപ്പിച്ചത്. നാലുകൊല്ലം മുമ്പാണ് മലയന്‍ വികസിപ്പിച്ചത്. വാഴൂരാന്‍ അടുത്തയിടയും. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ട തിനുസരിച്ചാണു വാഴൂരാന്‍ എന്ന പേരിട്ടത്.

ഗജേന്ദ്ര ചേന ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

കാര്‍ഷിക വിളകളില്‍ നൂതനമായ പരീക്ഷണങ്ങള്‍ക്കൊപ്പം ഗജേന്ദ്ര ചേന ഉത്പാദിപ്പിച്ച തോമസുകുട്ടി അടുത്തിടെ ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഇടംനേടി.

13 അടി ഉയരവും 70 സെന്റീ മീറ്റര്‍ വണ്ണവുമുള്ള ചേനയാണ് റിക്കോഡില്‍ ഇടംപിടിച്ചത്.

57 കിലോ തൂക്കമുള്ള ഈ ചേന തോമസു കുട്ടിയുടെ വീട്ടിലെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാണ്. ഇതു മുറിച്ച് അടുത്ത സീസ ണില്‍ നടാനാണ് അദ്ദേഹത്തിന്റെ ആലോചന. ഈ ചേന ചൊറിയില്ലെന്നു മാത്രമല്ല നല്ല രുചിയുമുണ്ട്.

കാര്‍ഷിക മത്സരങ്ങളും പ്രദര്‍ശനങ്ങളും ഹരം

കാര്‍ഷിക രംഗത്തെ മത്സരങ്ങളോടും പ്രദര്‍ശന ങ്ങളോടും തോമസുകുട്ടിക്ക് പ്രത്യേക കമ്പമുണ്ട്. തിരുവനന്തപുരം, കോട്ടയം, അതിരമ്പുഴ, മണര്‍കാട്, ചങ്ങനാശേരി കാര്‍ഷിക മേളകളില്‍ പലതവണ അദ്ദേഹം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് തന്റെ കൃഷിയിടത്തില്‍ വിളഞ്ഞ 22 കിലോ തൂക്കമുള്ള ഭീമന്‍ മത്തങ്ങ താരമായിരുന്നു. വിവിധ ഇനം വാഴകള്‍, ഇഞ്ചി, വിവിധിയിനം മഞ്ഞളുകള്‍, ചേമ്പ്, ചെറു കിഴങ്ങ് തുടങ്ങിയവയും അദ്ദേഹം കൃഷി ചെയ്യുന്നു.

ഓട്ടോക്കാരന്‍

നാല്‍പതിലേറെ വര്‍ഷമായി കൃഷിക്കാരനാണ് തോമസുകുട്ടി. ഇതിനൊപ്പം ഓട്ടോ ഡ്രൈവറുമാണ്. 10 വര്‍ഷത്തിലേറെയായി വാഴൂര്‍ പുളിക്കല്‍ കവലയിലാണ് കൃഷിയുടെ ഇടവേളയില്‍ ഓട്ടോ ഓടിക്കുന്നത്.

കൃഷിയിടങ്ങളില്‍ വളം എത്തിക്കാനും കാര്‍ഷിക ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നതിനും അദ്ദേഹം ഓട്ടോ ഉപയോഗിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ടാപ്പിംഗിനും ഇറങ്ങും. നേരത്തെ കേറ്ററിംഗ് ജോലികളും ചെയ്തിരുന്നു.

ജൈവവളം മാത്രം

ജൈവ വളം മാത്രമാണ് തോമസുകുട്ടി പ്രയോഗിക്കുന്നത്. ചാണകപ്പെടിയും ആട്ടിന്‍ കാട്ടവും ചാണകവെള്ളവും കമ്പോസ്റ്റു മാണ് പ്രധാനം. സ്‌റ്റെറാമില്ലും എല്ലുപൊടിയും വിലകൊടുത്തു വാങ്ങും.

എന്നാല്‍, ഏത്തവാഴയ്ക്കു ചെറിയ രീതിയില്‍ രാസവളം ഉപയോഗിക്കും. കീടനാശി നികള്‍ തീരെയില്ല. ഭാര്യ ലിസമ്മയും മക്കളായ ടിനുവും അനുവും കൃഷിയിടത്തില്‍ തോമസു കുട്ടിയുടെ സഹായികളാണ്.

ബെന്നി ചിറയില്‍

Related posts

Leave a Comment