കടുത്തുരുത്തിയിലെ സ്റ്റീഫനെ കാണാന്‍ വന്ന ആ അജ്ഞാതന്‍ ആരാണ്? ഉച്ചയ്ക്ക് വീട്ടിലെത്തിയ ജേഷ്ഠപുത്രന്‍ കണ്ടത് വെള്ള മുണ്ടും കറുത്ത ഷര്‍ട്ടും അണിഞ്ഞ സ്റ്റീഫനെ, കടുത്തുരുത്തി കൊലപാതകത്തില്‍ അടിമുടി ദുരൂഹത

കടുത്തുരുത്തിയില്‍ സ്വകാര്യ പണമിടപാടുകാരനായ മധ്യവയസ്‌കനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ ചിറയില്‍ സ്റ്റീഫനെ (61)യാണ് വീട്ടിലെ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ഭാര്യ എലിസബത്ത് വൈകുന്നേരം 4.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. സെറ്റിക്കു സമീപം തറയില്‍ ചെരിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഇടതുവശത്തായി ആഴത്തില്‍ വലിയ മുറിവുണ്ട്.

വയറ്റില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് കുടല്‍ പുറത്തു ചാടിയ നിലയിലാണ്. കൂടാതെ വലതുകൈയിലും തുടയിലും മുറിവുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ചപ്പോളാവാം കൈയില്‍ മുറിവേറ്റതെന്ന് കരുതുന്നു. കൈലിമുണ്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. മുറി മുഴുവന്‍ രക്തം തളം കെട്ടിയ നിലയിലാണ്. സ്വന്തമായി പണമിടപാട് നടത്തുന്ന സ്റ്റീഫന്‍ സാധാരണയായി വൈകുന്നേരം വീട്ടില്‍ കാണാറില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ കൈയിലുള്ള താക്കോലുപയോഗിച്ചാണ് എലിസബത്ത് വീടിനുള്ളില്‍ പ്രവേശിക്കുക.

ഇന്നലെ വീട്ടിലെത്തിയപ്പോള്‍ കാറും ബൈക്കും വീട്ടില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റീഫനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ ത്തുടര്‍ന്ന് രണ്ട് വാതിലുകളുള്ള വീടിന്റെ ഇടതുവശത്തെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്റ്റീഫന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയുടെ വാതിലായിരുന്നു ഇടതുവശത്തേത്. തള്ളിയപ്പോള്‍ തുറന്ന വാതലിലൂടെ വീട്ടില്‍ പ്രവേശിച്ച എലിസബത്ത് ഹാളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എലിസബത്ത് ബഹളം വച്ചു സമീപത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു.

സ്റ്റീഫന്‍ വിളിച്ചതിനെത്തുടര്‍ന്ന് ജ്യേഷ്ഠന്റെ മകനായ പീറ്റര്‍ ഉച്ചയ്ക്കു വീട്ടിലെത്തിയിരുന്നതായി പോലീസിനോടു പറഞ്ഞു. കുറുപ്പന്തറയില്‍ തുണിക്കട നടത്തിയിരുന്ന ഒരു വ്യക്തി പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കട ആരംഭിക്കാന്‍ സ്റ്റീഫന്റെ കൈയില്‍നിന്ന് 27.50 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം നല്‍കിയപ്പോള്‍ പകരമായി ഇയാളുടെ 50 സെന്റോളം ഭൂമി സ്റ്റീഫന്‍ എഴുതി വാങ്ങി. ഈ പണം തിരികെ തരാന്‍ തയാറാണെന്നും അതില്‍ പത്തു ലക്ഷം രൂപ അടുത്ത ദിവസം കൈമാറാമെന്നും പറഞ്ഞിരുന്നതായും പീറ്റര്‍ പറഞ്ഞു.

ഈ പണം കൈപ്പറ്റുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ് സ്റ്റീഫന്‍ വിളിച്ചതെന്നു പീറ്റര്‍ പറഞ്ഞു. സ്റ്റീഫന്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഉച്ചയോടെ താന്‍ വീട്ടില്‍ വന്നു കാര്യങ്ങള്‍ സംസാരിച്ചിരുന്നെന്നും ഒന്നോടെ തിരിച്ചു പോയെന്നും പീറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. താനുമായി സംസാരിക്കുമ്പോള്‍ വെള്ള മുണ്ടും കറുത്ത ഷര്‍ട്ടുമാണ് സ്റ്റീഫന്‍ ധരിച്ചിരുന്നതെന്നും പീറ്റര്‍ പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സംഭവമറിഞ്ഞു വീട്ടിലെത്തി.

ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക്, ഡോഗ് സ്‌ക്വഡ് എന്നീ വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടന്ന വീട് പോലീസ് സീല്‍ ചെയ്തു. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്റ്റീഫന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടില്ല. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കും.

Related posts