ബാലഭാസ്‌കറെക്കുറിച്ചുള്ള ഓര്‍മ്മകളെ ഒപ്പംകൂട്ടി ബിജിപാല്‍ വായിച്ചു, ‘ എന്തിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം…’; വിങ്ങലായി വീണ്ടും ആ ഗാനം

ലക്ഷക്കണക്കിന് സംഗീതാസ്വാദകരെ നിരാശയിലും ദുഖത്തിലുമാഴ്ത്തി പാടിത്തീരാത്ത ഒരു ഗാനം കണക്കെ ബാലഭാസ്‌കര്‍ എന്ന അതുല്യ കലാകാരന്‍ വിട പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ഇനിയും പലര്‍ക്കും കഴിഞ്ഞിട്ടില്ല. ചുരുങ്ങിയ ജീവിത കാലത്തിനിടയില്‍ സംഗീതലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതാണ്.

ബാലഭാസ്‌കറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ഈണമായിരിക്കും ‘നിനക്കായ്..’ എന്ന ആല്‍ബത്തിലെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം…’ എന്ന ഗാനം. ബാലഭാസ്‌കര്‍ എന്ന സംഗീത സംവിധായകന് വലിയ അംഗീകാരം നേടിക്കൊടുത്ത ഗാനമായിരുന്നു ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം.

ജയചന്ദ്രന്‍, സംഗീത എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റേതാണ്. ഈസ്റ്റ് കോസ്റ്റിന്റെ ആദ്യമായ്, നിനക്കായ് എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങളെല്ലാം അക്കാലത്ത് വലിയ ഹിറ്റുകളായ മാറിയതാണ്.

ബാലഭാസ്‌കറിന്റെ മനോഹരഗാനം കൊണ്ടുതന്നെ ആദ്ദേഹത്തിന് അര്‍ച്ചന നടത്തുകയാണ് സുഹൃത്ത് ബിജിബാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അത് പങ്കുവച്ചത്. ബാലഭാസ്‌കറിന് ഏറെ പ്രിയപ്പെട്ട വയലിനില്‍ ബിജിബാല്‍ വായിക്കുമ്പോള്‍ ഇരുവരുടെയും ആരാധകരുടെ മനം തേങ്ങുകയാണ്.

ബാലഭാസ്‌കറിനെ ഓര്‍ത്ത് മാത്രമല്ല, ബിജിപാലിനെ ഓര്‍ത്തും. കാരണം തന്റെ നല്ലപാതിയുടെ അകാലത്തിലുള്ള വേര്‍പാട് ഉള്‍ക്കൊണ്ട് വരുന്നതിനിടെയാണ് ഉറ്റസുഹൃത്തിനെയും ബിജിപാലിന് നഷ്ടമായിരിക്കുന്നത്.

Related posts