കുട്ടനാട്: കൈനകരിയില്‍ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാളെ വിധിക്കും. മലപ്പുറം നിലമ്പൂർ മുതുകോട് സ്വദേശി പ്രബീഷാണ് (37) ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല സ്വദേശി രജനിയാണ് (38) രണ്ടാം പ്രതി.
പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറി. ഇരുവർക്കും പിരിയാൻ സാധിക്കാത്ത വിധം അടുത്തു. അങ്ങനെ കാമുകന്റെ കൂടെ ജീവിക്കുന്നതിനായി അനിത രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് നാടു വിട്ടിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ഇതിനിടെ അനിത ഗര്‍ഭിണിയായി.
ഈ സമയത്ത് പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി പ്രണയത്തിലായതോടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
അനിതയെ തങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ജൂലായ് ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. പിറ്റേ ദിവസം രാത്രി ഏഴോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.
മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ. ബി. ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

