മണി എന്റെ ചങ്കൂറ്റമായിരുന്നു! അവനുണ്ടായിരുന്നെങ്കില്‍ ഇന്ന് എനിക്കുവേണ്ടി സംസാരിച്ചേനെ; കലാഭവന്‍ മണിയെക്കുറിച്ച് ദിലീപ്

Dileep-Kalabhavan-Mani-theater-chalakudyകലാഭവന്‍ മണിയുടെ ഓര്‍മ്മ ദിവസം സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് ജനപ്രിയ നായകന്‍ ദിലീപ് മണിയും താനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് വ്യക്തമാക്കിയത്. മണി തന്റെ ചങ്കൂറ്റമായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ഈ അടുത്ത ദിവസങ്ങളില്‍ താന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ക്ക് ബലിയാടായി കൊണ്ടിരിക്കുമ്പോള്‍ മണി ഉണ്ടായിരുന്നെങ്കില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ കണ്ടേനെയെന്നും അദ്ദേഹം അനുസ്മരിച്ചു. മറയില്ലാത്ത സ്നേഹത്തിന്റെ പ്രതീകമാണ് അവന്‍. ജീവിത്തതില്‍ ഇത്രയും കലര്‍പ്പില്ലാത്തൊരാളെ താന്‍ കണ്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിയിലെ മനുഷ്യത്വത്തെയാണ് എംപി കൂടിയായ ഇന്നസെന്റ് ഓര്‍മ്മിച്ചത്. താന്‍ കഷ്ടപ്പെട്ട കഥകളും ജോലി ചെയ്ത കഥകളും അച്ഛനമ്മമാരുടെ കഷ്ടപ്പാടുകളും പറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത വ്യക്തിയായിരുന്നു മണി എന്നും അദ്ദേഹം അനുസ്മരിച്ചു. തന്റെ അനുജനായിട്ടും മകനായിട്ടും മണി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ കാല് തൊട്ട് വന്ദിക്കുന്ന ഗുരുവിന് തുല്യനാണ് മണിയെന്ന് കെപിഎസി ലളിത പറഞ്ഞു. സംവിധായകരായ സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ലിജോ ജോസ് പല്ലിശ്ശേരി, നടന്‍ ഹരിശ്രീ അശോകന്‍, നാദിര്‍ഷ, ഇര്‍ഷാദ്, പൊന്നമ്മ ബാബു, ടിനി ടോം, ഷാജോണ്‍ തുടങ്ങി ചലചിത്രരംഗത്തു നിന്നുള്ള നിരവധിപേരാണ് സ്മരണയുടെ ഭാഗമായത്. ജന്മനാടിന്റെ ഗാനാര്‍ച്ചനയും മണി അനുസ്മരണത്തിന്റെ ഭാഗമായി നടന്നിരുന്നു.

Related posts