രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാകുമെന്നു റിപ്പോർട്ടുകൾ. സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന “പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുളള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മലയാളം, തമിഴ് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ശേഷമാണ് കല്യാണിയുടെ ബോളിവുഡ് പ്രവേശം.
റിപ്പോർട്ടുകൾ പ്രകാരം സിനിമ ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സ് ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിജീവനവും മനുഷ്യബന്ധങ്ങളുടെ തകർച്ചയും പ്രമേയമാക്കുന്ന കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
രൺവീർ സിങും ഹൻസൽ മെഹ്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രൺവീറിന്റെ നിലവിലെ ചിത്രങ്ങൾ പൂർത്തിയായതിന് ശേഷം 2026 ഏപ്രിലോടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.
ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിക്ക് ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടാക്കിയ ഹൈപ് ചെറുതൊന്നുമല്ല. 300 കോടി നേടി ചരിത്രം സൃഷ്ടിച്ചതോടെ ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോയിൻ എന്ന പദവിയും കല്യാണിയെ തേടിയെത്തിയിരുന്നു.
ഇപ്പോൾ ബോളിവുഡിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കല്യാണി പ്രിയദർശന്റെ കരിയറിൽ ചിത്രം പുതിയ വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
