പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചു രംഗത്തെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍.
അതിജീവിതയ്ക്കൊപ്പമാണ് താനെന്നു പറഞ്ഞുകൊണ്ടാണ് അതിജിവിതനും നീതി കിട്ടണമെന്ന അഭിപ്രായം ശ്രീനാദേവി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പ്രകടിപ്പിച്ചത്. അതിജീവിതയ്ക്കൊപ്പം നില്ക്കുമ്പോള് തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നു പറഞ്ഞ ഇവര്‍, മാധ്യമങ്ങള്‍ രാഹുലിനെതിരേ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും ആരോപിച്ചു.
രാഹുലിനെതിരേ ഉയര്‍ന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ട്.രാഹുലിനെതിരായ ആദ്യത്തെ ബലാത്സംഗ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. മൂന്നാമത്തെ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടുവെന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്.
എന്നാല്‍, പീഡനത്തിനു ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കിയെന്നും ഫ്ളാറ്റ് വാങ്ങാന്‍ ശ്രമിച്ചുവെന്നുമുള്ള മൊഴികള്‍ സ്വാഭാവികമായും സംശയം തോന്നിപ്പിക്കുന്നുണ്ട്.സത്യം പുറത്തുവരുന്നതുവരെ അദ്ദേഹത്തെ ക്രൂശിക്കരുത്. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോയെന്ന് പരിശോധിക്കണം. അതിജീവിതന്മാര്‍ക്കൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇരുപക്ഷത്തിനും തുല്യ പരിഗണന ലഭിക്കണം -ശ്രീനാദേവി പറഞ്ഞു.
