എനിക്ക് അഭിപ്രായം പറയാന്‍ വേറെ മാര്‍ഗമുണ്ട്! ട്വിറ്ററില്‍ നിന്നു അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കങ്കണ

ട്വിറ്ററില്‍ നിന്നു തന്റെ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്.

ട്വിറ്റര്‍ ഇല്ലെങ്കിലും തന്റെ കാര്യങ്ങള്‍ പറയാന്‍ മറ്റു മാധ്യമങ്ങളുണ്ടെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ട്വിറ്റര്‍ എന്റെ അഭിപ്രായം ശരിവെച്ചു. അവര്‍ അമേരിക്കക്കാരാണ്. വെളുത്ത വര്‍ഗക്കാര്‍ കരുതുന്നത്, നിറം കുറഞ്ഞവരെല്ലാം എക്കാലവും അവരുടെ അടിമകളായിരിക്കുമെന്നാണ്.

മറ്റുള്ളവര്‍ എന്താണ് പറയേണ്ടത്, ചിന്തിക്കേണ്ടത് എന്നെല്ലാം അവരാണ് തീരുമാനിക്കുതെന്നാണ്.

ഇത് ജനാധിപത്യത്തിന്റെ മരണമാണ്. എനിക്ക് അഭിപ്രായം പറയാന്‍ നിരവധി മാധ്യമങ്ങളുണ്ട്. സിനിമ ഉള്‍പ്പടെ അതിനുള്ള മാര്‍ഗങ്ങളാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്ത ജനതയോടൊപ്പമാകും ഞാന്‍ എക്കാലവും നിലനില്‍ക്കുകയെന്നതാണ് എന്റെ നിലപാട് കങ്കണ വ്യക്തമാക്കി.

ട്വിറ്റര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെത്തുടര്‍ന്നാണ് കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്.

പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു.

ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം വേണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. കങ്കണയുടെ ട്വീറ്റ് ഇങ്ങനെ… ഇതു ഭീകരമാണ്.

ഗുണ്ടയെ നേരിടാന്‍ സൂപ്പര്‍ ഗുണ്ട വേണം. അവര്‍ (മമത) ഒരു ഭീകരജീവിയാണ്. അവരെ മെരുക്കാന്‍ മോദിജി 2000ത്തിന്റെ തുടക്കത്തില്‍ ഗുജറാത്തില്‍ കാണിച്ച വിരാടരൂപം പുറത്തെടുക്കൂ…

ഇതോടെയാണ് അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയത്. മുപ്പത് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് കങ്കണയ്ക്ക് ട്വിറ്ററില്‍ ഉണ്ടായിരുന്നത്.

Related posts

Leave a Comment