നടി കങ്കണാ റണൗത്തും ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയും പ്രണയത്തിലാ ണെന്ന വാർത്ത കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. താൻ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കങ്കണയിപ്പോൾ. എന്നാൽ അത് നിഷാന്ത് പിറ്റി അല്ലെന്നും അവർ വ്യക്തമാക്കി.
ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്. എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ചു പറയുന്നതു നല്ലതല്ല. പ്രത്യേകിച്ച് അവർ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരിൽ. ഒരിക്കലും ഇങ്ങനെ ചെയ്യരുത്- കങ്കണ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് എത്തിയപ്പോൾ കങ്കണയും നിഷാന്തും ഒരുമിച്ച് ചിത്രമെടുത്തിരുന്നു. പിറ്റേന്നു രണ്ടുപേരും ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. ഇതാണിപ്പോൾ താരം നിഷേധിച്ചിരിക്കുന്നത്.
നിലവിൽ താൻ സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് കങ്കണ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രധാനവേഷത്തിലെത്തുന്നതും കങ്കണ തന്നെയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുന്നത്. മലയാളിതാരം വിശാഖ് നായരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.