ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പുതിയ ബില്ലുമായി കര്‍ണാടക ! കേരളത്തിലും ഇത് സംഭവിക്കുമോ ?

ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍.

ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്.

നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്.

എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ.

പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു.

ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

കേരളത്തിലും ഇതേ ആവശ്യം കഴിഞ്ഞ കുറേ നാളായി ഉയര്‍ന്നു വരുന്നുണ്ട്. പല ഹിന്ദു സംഘടനകളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത് നടപ്പില്‍ വരുമോയെന്ന കാര്യം സംശയമാണ്.

Related posts

Leave a Comment