ഭാര്യയോടും കൂടെയുള്ള ഫെമിനിച്ചികളോടും പോയി നിങ്ങളുടെ പടം കാണാന്‍ പറഞ്ഞാല്‍ മതി! മറ്റ് പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും നിങ്ങളുടെ പടം കാണില്ല; പാര്‍വതിയെ പിന്തുണച്ച ആഷിഖ് അബുവിന് നേരെ സൈബര്‍ ആക്രമണം

കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അധിക്ഷേപം നേരിട്ട പാര്‍വതിയെ റിമ കല്ലിങ്കല്‍ പിന്തുണച്ചതിന്റെ അനന്തരഫലമെന്നവണ്ണം റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവിന് നേരെ സൈബര്‍ ആക്രമണം. ആഷിഖ് അബുവിന്റെ ഏറ്റവും പുതിയ സിനിമയായ മായാനദി ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് ആഷിഖ് അബു പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് വിദ്വേഷകരമായ കമന്റുകള്‍.

നേരത്തെ ഐഎഫ്എഫ്‌കെയ്ക്കിടെ മമ്മൂട്ടി സിനിമയായ കസബയിലെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും രംഗങ്ങളും ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ നടി പാര്‍വതിയ്ക്കെതിരെ വലിയ തോതിലുള്ള അധിക്ഷേപമായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പുറത്തു വന്നിരുന്നത്. പാര്‍വതിയെ പരിഹസിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെ തിരിച്ച് പരിഹസിച്ച പാര്‍വതിയെയും റിമ അഭിനന്ദിച്ചിരുന്നു. ഇതിനെല്ലാം റിമയും ധാരാളം വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ആഷിഖിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. ഭാര്യയോടും കൂടെയുള്ള ഫെമിനിച്ചികളോടും പോയി പടം കാണാന്‍ പറ എന്നാണ് ചിത്രത്തിനു താഴെ വരുന്ന മിക്ക കമന്റുകളും. മറ്റു പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും ആഷിഖ് അബുവിന്റെ സിനിമ കാണാന്‍ പോകില്ലെന്ന ഭീഷണിയും മിക്കവരും ഉയര്‍ത്തുന്നുണ്ട്.

Related posts