ഫേസ്ബുക്ക് കാമുകിയെ തേടി തലശേരിയില്‍ നിന്ന് കാമുകന്‍ ഓട്ടോറിക്ഷ കയറി, വീട്ടില്‍ തനിച്ചുള്ള കാമുകിയെ കാണാനുള്ള യാത്ര അവസാനിച്ചത് ആളൊഴിഞ്ഞ പറമ്പില്‍, കാസര്‍ഗോഡ് പ്രണയത്തിന്റെ ക്ലൈമാക്‌സ് ഇങ്ങനെ

സോഷ്യല്‍മീഡിയ പ്രണയം ഇപ്പോള്‍ അത്ര വലിയ സംഭവമല്ല. അറിയാത്ത ചതിയില്‍ വീണ് ജീവിതം കളഞ്ഞവരും കുറവല്ല. ചിലര്‍ ആത്മഹത്യയില്‍ അഭയം തേടിയപ്പോള്‍ മറ്റു മേച്ചില്‍പുറങ്ങള്‍ തേടിപ്പോയി വേറെ ചിലര്‍. എന്തായാലും കാസര്‍ഗോഡുള്ള ഫേസ്ബുക്ക് കാമുകിയെ കാണാന്‍ പോയി തലശേരിക്കാരന്‍ കാമുകന്‍ വാങ്ങിച്ചുകൂട്ടിയ പണിയാണ് ഇപ്പോള്‍ പുതിയത്.

തലശേരിയില്‍ നിന്നും അമ്പലത്തറയില്‍ എത്തിയ അറുപതുകാരനാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പണികൊടുത്തുവിട്ടത്. അമ്പലത്തറയില്‍ ‘ഗള്‍ഫുകാരന്റെ ഭാര്യ’യെ തേടിയാണ് തലശേരിക്കാരന്‍ എത്തിയത്. ചാറ്റിംഗിലൂടെ അമ്പലത്തറ ‘യുവതി’ തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും മകളും താനും വീട്ടില്‍ തനിച്ചാണെന്നും കാമുകനെ അറിയിച്ചു.

കാമുകിയെ കാണാന്‍ രണ്ടു ദിവസം തങ്ങാനുള്ള വസ്ത്രങ്ങളും ഉള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടി കാമുകന്‍ തലശേരിയില്‍ നിന്നും അമ്പലത്തറയിലേക്ക് തിരിച്ചു. അമ്പലത്തറയില്‍ ബസിറങ്ങിയാല്‍ താന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കാത്തു നില്‍ക്കുമെന്നും ആ ഡ്രൈവര്‍ റിക്ഷയില്‍ വീട്ടിലേക്കെത്തിക്കുമെന്നും കാമുകി പറഞ്ഞതുപോലെ ബസിറങ്ങിയപ്പോള്‍ കാത്തു നിന്ന ഓട്ടോറിക്ഷയില്‍ കയറുകയും ചെയ്തു.

പിന്നീടാണ് ട്വിസ്റ്റ് നടക്കുന്നത്. ഓട്ടോ നേരെ പോയത് ഏതാനും യുവാക്കള്‍ കാത്തു നില്‍ക്കുകയായിരുന്ന ആളൊഴിഞ്ഞ പറമ്പിലേക്കായിരുന്നു. പന്തികേട് തോന്നിയ തലശേരിക്കാരന്‍ കാമുകിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണിന്റെ ബെല്ല് മുഴങ്ങിയത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണില്‍ നിന്നായിരുന്നു. പിന്നെ അവിടെ നടന്നത് അടിയുടെ പൊടിപൂരമായിരുന്നു. അപ്പോള്‍ മാത്രമായിരുന്നു താന്‍ കാമുകിയാണെന്ന് കരുതി ഇത്രയും നാള്‍ ചാറ്റിംഗ് നടത്തിയത് ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവുമായാണെന്ന് തിരിച്ചറിഞ്ഞത്. എന്തായാലും പിന്നീട് നടന്നത് പൂരത്തല്ലായിരുന്നു.

Related posts