വിദേശതാരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നു ! കോവിഡ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സൃഷ്ടിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍…

ലോകമെങ്ങും പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെയും പ്രതികൂലമായി ബാധിക്കുകയാണ്.

താരങ്ങള്‍ക്കോ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോ രോഗം ബാധിച്ചിട്ടില്ലെങ്കിലും മറ്റു പലരീതിയിലുള്ള പ്രതിസന്ധികളാണ് ടീമിനു മുമ്പില്‍ ഉടലെടുത്തിരിക്കുന്നത്.

ടീമിന്റെ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

അടുത്ത സീസണിലേക്ക് ടീം മാനേജ്മെന്റ് കണ്ടുവച്ചിരുന്ന താരങ്ങളില്‍ ചിലര്‍ ഇത്തവണ ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവരില്‍ രണ്ടുപേര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിരുന്ന യൂറോപ്യന്‍ താരങ്ങളാണ്. കഴിഞ്ഞ സീസണുകളില്‍ തങ്ങള്‍ കളിച്ചിരുന്ന ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിരുന്നവരാണ് ഇവര്‍.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയെന്ന് പറയാം. രാജ്യത്തെ കോവിഡ് സ്ഥിതി മോശമായി തുടരുന്നതിനാല്‍ എത്ര വിദേശതാരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ സന്നദ്ധമാകുമെന്ന കാര്യം കണ്ടറിയണം.

ഏതായാലും ഈ പ്രതിസന്ധി ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല ബാധിക്കുക. മാറ്റു ടീമുകളും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

ബ്ലാസ്റ്റേഴ്സ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ നേരത്തെ തന്നെ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ നേരത്തെ തന്നെ ആക്ടീവായി രംഗത്തുണ്ടായിരുന്നു.

കോവിഡ് രണ്ടാംതരംഗം അദേഹത്തിന്റെ എല്ലാ പ്രയത്നങ്ങളും ഒരുപരിധിവരെ വൃഥാവിലാക്കിയെന്ന് പറയാം. ഐപിഎല്‍ റദ്ദാക്കിയതും വിദേശതാരങ്ങളുടെ വരവിന് തിരിച്ചടിയായിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് സ്ഥിതി ഭയാനകമാണെന്ന ചിത്രമാണ് യൂറോപ്യന്‍ കളിക്കാര്‍ക്കിടയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ എത്രമാത്രം മികച്ച കളിക്കാരെ കിട്ടുമെന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്നുണ്ട്.

Related posts

Leave a Comment