മുംബൈ സിറ്റിയ്‌ക്കെതിരെ സ്വന്തം മണ്ണില്‍ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുന്നത് ‘പ്രളയ ജേഴ്‌സിയില്‍’! അതിജീവനത്തിന്റെ കഥ പറയുന്ന, രക്ഷകരായവരെ ആദരിക്കുന്ന ജേഴ്‌സി ശ്രദ്ധേയമാവുന്നു

മഹാപ്രളയത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ അതിജീവന കരുത്തിന്റെ മറ്റൊരുദാഹരണമാണ് ഐഎസ്എല്ലിലെ ആദ്യ മത്സരത്തിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമെന്നാണ് മലയാളികള്‍ വിശ്വസിക്കുന്നത്. ഈ പ്രളയത്തില്‍ നിന്ന് കരകയറിയതിന്റെ ഓര്‍മയുമായായിരിക്കും അടുത്ത മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ മൈതാനത്ത് ഇറങ്ങുക.

മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരെ ആദരിക്കാനും കൂടിയാണ് പുതിയ ജേഴ്‌സി അണിയുന്നത്. മത്സ്യതൊഴിലാളികളോടുള്ള ആദരമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരായ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക പ്രത്യേകം തയാറാക്കിയ ജഴ്‌സിയിലാകും.

മുന്‍ ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ ജേഴ്‌സിയാകും കളിക്കാര്‍ ധരിക്കുക. മത്സ്യത്തൊഴിലാളികളെ കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മറ്റ് ഗവണ്‍മെന്റ് സേനകളെയും ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടിന്റെയും ഹെലികോപ്റ്ററിന്റെയുമെല്ലാം ചിത്രങ്ങള്‍ ജേഴിസിയില്‍ കാണാം.

രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മത്സ്യ തൊഴിലാളികളെ ആദരിക്കുമെന്ന് ടീം മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. കേരളത്തില്‍ നടക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും മുമ്പ് മത്സ്യതൊഴിലാളികളെ ആദരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം.

കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു. ടീം അംബാസിഡര്‍ മോഹന്‍ലാലാണ് സോഷ്യല്‍മീഡിയയിലൂടെ പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. സ്‌പെഷ്യല്‍ ജെഴ്‌സിയണിഞ്ഞ് കേരളത്തിന്റെ സൂപ്പര്‍ ഹീറോകളായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് താരം പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്.

Related posts