സീമ മോഹന്‍ലാല്‍
കൊച്ചി: തല ‘സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കേരള പോലീസിന്റെ എഫ്ബി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ഓര്മപ്പെടുത്തുന്നതിനായി തയാറാക്കിയിട്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റർ.
ഇന്റലിജന്‍സ് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലുള്ള കേരള പോലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെല്ലിലെ ആറംഗ പോലീസ് ടീമാണ് ഇത് തയാറാക്കിയത്.
എസ്ഐ കെ.ആര്. കമല്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.സി. അരുണ്‍, കെ.സന്തോഷ്, ഹവില്‍ദാര്‍മാരായ സി.നിധീഷ്, എസ്.സഫ്ദര്‍ എന്നിവരുടെ കൂട്ടായ ചിന്തയിലുദിച്ച തല “സ്ഥാനം’ മാറാതിരിക്കാന്‍ എന്ന കാഷ്ഷന് പോലീസ് അനുകൂലികളും വിരോധികളുമെല്ലാം ഇപ്പോൾ കൈയടിച്ച് സ്വീകരിച്ചിരിക്കുകയാണ്.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡന് എംപി സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടിരുന്നു.
അതിനു പിന്നാലെയാണ് കേരള പോലീസിന്റെ പോസ്റ്റ് ഫേസ്ബുക്കിലെത്തിയത്.സമകാല സംഭവങ്ങളെ ആസ്പദമാക്കിയുള്ള പോസ്റ്റുകളും ട്രോളുകളുമാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുള്ളത്.
എഐ കാമറ പ്രവര്‍ത്തനം ആരംഭിച്ചതോടെ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും പലരും ഹെല്‍മറ്റ് കൈയില്‍ തൂക്കി ഇരുചക്രവാഹനം ഓടിക്കുന്നത് പോലീസ് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് തലമുഖ്യം ബിഗിലെ… തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വയ്ക്കണേ എന്ന ഓര്‍മപ്പെടുത്തലുമായി കേരള പോലീസിന്റെ എഫ്ബി പേജില്‍ പോസ്റ്റ് എത്തിയത്.
കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് പോസ്റ്റ് ചെയ്ത് 12 മണിക്കൂറിനകം തന്നെ 18,000 പേരാണ് ലൈക്ക് ചെയ്തത്. 15,000 കമന്റുകളും ആയിരത്തിലധികം ഷെയറുകളും പോസ്റ്റിനു ലഭിച്ചു.
പോസ്റ്റിനു കീഴിലെ 90 ശതമാനം കമന്റുകളും പോലീസിന് കൈയടി നല്‍കുന്നതാണ്. കാപ്ഷന്‍ കലക്കി എന്ന കമന്റുകളാണ് കൂടുതലും. മുമ്പും കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ പല പോസ്റ്റുകളും വൈറലായിട്ടുണ്ട്.