ഹരിപ്പാട്: കരീലകുളങ്ങര പോലീസിന്റെ വലയില്‍ കുടുങ്ങിയ കായംകുളം പാടീറ്റേടത്തു പടീറ്റതില്‍ ഷമീര്‍ (വടക്കന്‍-34),കായംകുളം ഐ.കെ ജംഗ്ഷനില്‍ വരിക്കപള്ളി തറയിൽ സെമീര്‍( വാറുണ്ണി -35)എന്നിവര്‍ കൊല്ലം ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണ പരമ്പരകള്‍ തന്നെ നടത്തിവന്ന കവര്‍ച്ചാ മാഫിയയുടെ കണ്ണികള്‍.
ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് രണ്ടരവര്‍ഷക്കാലമായി നടക്കുന്ന മോഷണ പരമ്പരകള്‍ പോലീസിന് തലവേദനയായി മാറിയിരുന്നു.
ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ കൃത്യമായ ആസൂത്രണത്തിലൂടെയുള്ളതായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
അതുകൊണ്ടു തന്നെ മോഷണം നടന്ന സ്ഥലങ്ങളില്‍ പല ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഇവരിലേക്ക് എത്തുന്ന തുമ്പുകളൊന്നും തന്നെ പലപ്പോഴും ലഭിച്ചിരുന്നില്ല.
അങ്ങിനെ അവര്‍ കരീലക്കുളങ്ങളര സ്റ്റേഷന് പരിധിയില്‍ ചേപ്പാട്ടെ വീടുകളില്‍ മോഷണം നടത്തി.
ആദ്യഘട്ടത്തില്‍ തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും വീടുകളിലേക്കുള്ള ഇടുങ്ങിയ വഴികള്‍ അന്വഷണ ഉദ്യോഗസ്ഥര്‍ക്ക് കച്ചിതുരുമ്പായി മാറുകയായിരുന്നു.
വീട്ടുസാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വാഹനമില്ലാതെ സാധിക്കില്ല എന്ന നിഗമനത്തില്‍ എത്തിയതോടെ ചെറു പെട്ടിവണ്ടികളിലാണ് മോഷണ മുതലുകള്‍ കൊണ്ടുപോകുന്നതെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.
ഇതോടെ ചെറു പെട്ടിവണ്ടികളില്‍ കറങ്ങി നടക്കുന്ന സംഘങ്ങളെ കുറിച്ച് പോലീസ് അന്വേഷണം നടത്തി തുടങ്ങി്. തുടര്‍ന്ന് അതില്‍ സംശയം തോന്നിയ പലരേയും നിരീക്ഷിച്ചു.
പിന്നീട് മോഷണം നടന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ ശേഖരിച്ച് പരിശോധന നടത്തിയതിലൂടെയാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് വ്യക്തമായത്.
പ്രദേശങ്ങളിലൊക്കെ വ്യത്യസ്ത സംഘങ്ങളായി പലകച്ചവടങ്ങളുമായി കറങ്ങി നടന്നതു കൊണ്ടുതന്നെ പ്രതികളെ പലപ്പോഴും സംശയിക്കാതിരിക്കുകയും ചെയ്തിരുന്നു.
കൊല്ലം ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാ മാഫിയയുടെ ഭാഗമാണ് ഇവരെന്നും, സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് കണ്ടെത്തി കഴിഞ്ഞു.
അടുത്ത ദിവസങ്ങളില്‍ തന്നെ കൂടുതല്‍പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.