കൊച്ചി: എറണാകുളം നെട്ടൂരില്‍ 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടത്തിയതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തുമെന്ന് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണി പറഞ്ഞു.
പെണ്‍കുട്ടികളുടെ മൊഴിയെടുത്തെങ്കിലും അതില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. സംഭവത്തില്‍ കുട്ടികളുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇന്നലെ ട്യൂഷന് കഴിഞ്ഞ് മടങ്ങിയ കുട്ടികളെയാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നു പറയുന്നത്.
കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും മിഠായി നല്കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കുട്ടികള്‍ പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയ അക്രമിക്കു പിന്നില്‍ ഒരു വാന്‍ നിര്‍ത്തിയിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. കൂടെ വന്നില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയെന്നും ഇയാള്‍ മാസ്ക് ധരിച്ചിരുന്നുവെന്നുമാണ് കുട്ടികള്‍ പറയുന്നത്.