തിരുവനന്തപുരം: യൂട്യൂബില്‍ വെറുതെ വീഡിയോ കണ്ടിരിക്കുന്ന കൗമാരക്കാരോട് കൃഷ്ണദേവന്‍ എന്ന കായികതാരത്തിനു ചിലത് പറയാനുണ്ട്. കായിക മുന്നേറ്റത്തിനു യൂട്യൂബ് തനിക്ക് സഹായകരമായ കഥ. ആറ്റിങ്ങല്‍ നവഭാരത് എച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണദേവന്‍ ഷോട്ട്പുട്ട് ഇനത്തിലാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മത്സരത്തിനിറങ്ങുന്നത്.
ഇത്തവണയും സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ ഷോട്ട്പുട്ടില്‍ മികവ് തെളിയിക്കാനായി. എന്നാല്‍ ആദ്യ സ്ഥാനങ്ങളില്‍ എത്താന്‍ കൃഷ്ണദേവനു കഴിഞ്ഞില്ല. തന്റെ കൈക്കരുത്തിനു കുറച്ചുകൂടി ഇണങ്ങുന്ന ഒരു ഇനം തെരഞ്ഞെടുക്കുന്നതിന്റെ ചിന്തയായിരുന്നു പിന്നീട് കൃഷ്ണദേവന്. അങ്ങനെ വീട്ടിലിരുന്ന് യൂട്യൂബ് കാണുന്നതിനിടയില്‍ ജാവലിന്‍ ത്രോയുടെ വീഡിയോ രംഗങ്ങള്‍ കണ്ടു. എങ്ങനെ ജാവലിന്‍ ത്രോയില്‍ മുന്നിലെത്താമെന്നു പ്രശസ്തരായ പരിശീലകര്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃഷ്ണദേവനെ വല്ലാതെ സ്വാധീനിച്ചു.
തുടര്‍ന്ന് നവഭാരത് സ്കൂള്‍ ഗ്രൗണ്ടിലും വീടിനു സമീപമുള്ള ചെറിയ മൈതാനത്തും കൃഷ്ണദേവന്‍ വീഡിയോ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ട് സ്വയം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ആദ്യ ഘട്ടത്തില്‍ കമ്പുകള്‍ വെട്ടി ജാവലിന്‍ മാതൃകയിലാക്കിയാണ് പരിശീലനം നടത്തിയത്.
തുടര്‍ന്ന് വീട്ടില്‍ നിര്‍ബന്ധിച്ച് ജാവലിന്‍ വാങ്ങിപ്പിച്ചു. വീട്ടുകാരും അധ്യാപകരും കായിക ഇനം മാറ്റിയത് ഉചിതമായില്ലെന്ന ആശങ്ക പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ പരിശീലനത്തിലും കൈക്കരുത്തിലും കൃഷ്ണദേവനു തികഞ്ഞ വിശ്വാസമായിരുന്നു, ഒപ്പം യൂട്യൂബിനെയും.ഇന്നലെ എല്‍എന്‍സിപിഇ ഗ്രൗണ്ടില്‍ ജില്ലാ കായിക മേളയില്‍ 52.29 ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞ് കൃഷ്ണദേവന്‍ സ്വര്‍ണം നേടിയപ്പോള്‍ അത് മൈതാനത്ത് വ്യത്യസ്ത നേട്ടമായി. മികച്ച സ്‌പോര്‍ട്‌സ് സ്കൂളുകളില്‍ പരിശീലകരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ മൈതാനത്ത് ഇറങ്ങിയവര്‍ക്കിടയില്‍ കൃഷ്ണദേവന്റെ നേട്ടത്തിനു തിളക്കമേറെയായിരുന്നു.
പുതിയ കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കൃഷ്ണദേവന്‍ മാതൃകയാണ്. ഇനി സംസ്ഥാന കായിക മേളയില്‍ റിക്കോര്‍ഡ് നേട്ടത്തോടെ ജാവലിന്‍ ത്രോയില്‍ മുന്നിലെത്താമെന്ന തികഞ്ഞ പ്രതീക്ഷയും കൃഷ്ണദേവന്‍ പങ്കുവെച്ചു. മംഗലപുരം, ശ്രീലക്ഷമിയില്‍ രാജേന്ദ്രന്റെയും ജയലക്ഷമിയുടെയും മകനാണ് കൃഷ്ണദേവന്‍.