തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.രമ എംഎല്‍എ. വി.എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. വി.എസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും രമ അനുസ്മരിച്ചു.
പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വി.എസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി.എസ്.അച്യുതാനന്ദനെന്നും കെ.കെ. രമ അനുസ്മരിച്ചു.
വി.എസ്.അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വി.എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് തങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നു.
പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി.എസ്.അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി.എസ് വിശേഷിപ്പിച്ചതെന്നും രമ പറഞ്ഞു.