വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്..! സമൂഹത്തിന് വലിയ സന്ദേശം നല്‍കി മ്യൂസിക് വീഡിയോ പുറത്തിറക്കി സംവിധായക അനു കുരിശിങ്കല്‍ (വീഡിയോ കാണാം)

വിസ്മയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്നുള്ള കോടതിയുടെ നിര്‍ണായക വിധി വലിയൊരു സ്ത്രീ സമൂഹത്തിന് നല്‍കുന്നത് ഇനിയും സ്വതന്ത്രയായി ജീവിക്കാനുള്ള ധൈര്യമാണ്.

താലിച്ചരടിന്റെ കെട്ടുപാടിനാല്‍ ഹോമിക്കപ്പെടാനുള്ള ഒരു സ്ത്രീജിവിതവും എന്ന്. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ട്… പറന്നുയരാന്‍ വിശാലമായ ആകാശമുണ്ട്… ഇനിയും നിറവും വര്‍ണവും നിറയുന്ന ജീവിതമുണ്ട്…

സ്ത്രീധന പീഡനത്തിനൊടുവില്‍ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വര്‍ഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്.

ഇന്ന് ഓരോ പെണ്‍കുട്ടികള്‍ക്കും താലിച്ചരട് കുലക്കയറാകുമ്പോള്‍ അതു വെട്ടി മാറ്റി ജീവനും ജീവിതവും തിരിച്ച് പിടിക്കാന്‍ കുടുംബം ഒപ്പമുണ്ടെന്നുള്ള ആര്‍ജവമാണ് പകരുന്നത്…

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാള്‍ നല്ലത്’ എന്ന വലിയ സന്ദേശത്തെ പകര്‍ന്ന് സമൂഹത്തോട് തന്റെ മ്യൂസിക് വീഡിയോയിലൂടെ സംവദിക്കുകയാണ് ചലച്ചിത്ര സംവിധായിക അനു കുരിശിങ്കല്‍.

നോട്ട് ഫോര്‍ സെയില്‍ (KNOT FOR SALE) എന്ന പുതിയ സംഗീത ആല്‍ബത്തിലൂടെ സമകാലിക സമൂഹത്തിലെ ഏറ്റവും ഗുരുതരമായ പ്രശനത്തിന്റെ ഭീകരതയും ഒരു പെണ്‍കുട്ടിക്കൊപ്പം കുടുംബം പിന്തുണയാകുമ്പോള്‍ പുതിയ സ്വപ്‌നങ്ങള്‍ വിരിയുമെന്നുള്ള പോസീറ്റീവ് ചിന്തയും പകരുന്നു.

ഓണ്‍ റീലിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനു കുരിശിങ്കല്‍ തിരക്കഥയും ഗാനരചനയും സംവിധാനവും നിര്‍വഹിച്ച ‘KNOT FOR SALE’ യൂടൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

നാടിനെ നടുക്കിയ വിസ്മയ കേസിന്റെ വിധി വന്ന മേയ് 23ന് A Divorced Daughter Is Better Than a Dead Daughter എന്ന അടിക്കുറുപ്പോടെയാണ് ഗാനം റിലീസായിരിക്കുന്നത്.

സ്ത്രീധനത്തിന്റെയോ മറ്റെന്തിന്റെയോ പേരില്‍ ഭാര്‍ത്തുഗൃഹത്തിലുണ്ടാകുന്ന പീഡനത്തിന് അടിമപ്പെടാതെ ജീവിക്കാനുള്ള പ്രചോദനമായാണ് നോട്ട് ഫോര്‍ സെയില്‍ സമൂഹത്തില്‍ ഇടം നേടുന്നത്.

അവഗണകളും ചൂഷണങ്ങളും സമൂഹത്തില്‍നിന്നും കുടുംബത്തില്‍നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വര്‍ത്തമാന കാലത്ത് അവള്‍ക്ക് വേണ്ട എല്ലാ പിന്തുണയും കുടുംബം നല്‍കണമെന്ന സന്ദേശം പകരാനാണ് മ്യൂസിക്കല്‍ സ്റ്റോറിയിലൂടെ ശ്രമിച്ചിരിക്കുന്നത്, അനു കുരിശിങ്കല്‍ പറയുന്നു.

ചെരാതുകള്‍ എന്ന ആന്തോളജി സിനിമയിലെ ദിവ എന്ന കഥ അണിയിച്ചൊരുക്കിയത് അനു കുരിശിങ്കലാണ്.

സംഗീത സംവിധാനവും ആലാപനവും രാകേഷ് കേശവനാണ്. ഛായാഗ്രഹണം ആദര്‍ശ് പ്രമോദും എഡിറ്റിംഗ് ജിബിന്‍ ആനന്ദും നിര്‍വഹിച്ചിരിക്കുന്നു.

ഡിഐ ആല്‍വിന്‍ ടോമി ഒരുക്കുന്നു. അജ്‌ന റഷീദ്, സന്ദീപ് രമേശ്, സനൂപ് സുബ്രഹ്മണ്യന്‍, ലത ശിവദാസന്‍ എന്നിവരാണ് കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

 

Related posts

Leave a Comment