നിരോധനം അറിയാതെ പഴയനോട്ടുകള്‍ സൂക്ഷിച്ച സതിഭായിയുടെ നോട്ടുകള്‍ കോടതിയിലേക്ക്, കണ്ടെത്തിയത് നാലുലക്ഷം രൂപയുടെ നോട്ടുകള്‍!

kochiനോട്ടു നിരോധനമറിയാതെ പഴയനോട്ടുകള്‍ സൂക്ഷിച്ച വയോധികയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പ് സതിഭായി(75)യുടെ വീട്ടില്‍ നിന്നാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍ പോലീസ് കണ്ടെത്തിയത്. ആയിരത്തിന്റെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളുമാണ് ഉണ്ടായിരുന്നത്. പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെടുത്തത്. വീട്ടില്‍ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കിയാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. സത്തായിയുടെ കൈവശം ലക്ഷക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉണ്ടെന്ന് കേട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപവത്കരിച്ച് പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പഞ്ചായത്ത് പ്രസിഡന്റും ജന പ്രതിനിധികളും അടങ്ങുന്ന സംഘം സത്തായിയുടെ വീട്ടില്‍ എത്തി. ആദ്യം അവര്‍ വാതില്‍ തുറന്നില്ല. ഏറെ നേരത്തിനു ശേഷം വാതില്‍ തുറന്ന് പുറത്തുവന്ന അവര്‍ നോട്ടിന്റെ കാര്യം ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. ചെന്നവരെ വീട്ടിനുള്ളിലേക്ക് കയറ്റാന്‍ അവര്‍ തയ്യാറായുമില്ല. ഇതിനെ തുടര്‍ന്ന് മടങ്ങിയ പഞ്ചായത്ത് പ്രസിഡന്റും സംഘവും പോലീസുമായി വീണ്ടും എത്തിയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വരാപ്പുഴ എസ്.ഐ. സി.എസ്. ഷാരോണിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെ എത്തിയാണ് സത്തായിയുടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചത്. അപ്പോഴാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്.

നോട്ട് നിരോധനത്തിനു മുമ്പെടുത്ത അഞ്ഞൂറിന്റെ 50,000 രൂപയുടെ ഒരു പുതിയ കെട്ട് നോട്ട് ഉണ്ടായിരുന്നു. പോലീസ് നോട്ട് എണ്ണുന്നതിനിടെ സതീഭായി കരഞ്ഞു കൊണ്ട് താന്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയാണെന്നു പറഞ്ഞു. കോടതിയില്‍ ഹാജരാക്കുന്ന നോട്ട് അവിടെ നിന്നും സതിഭായിക്ക് ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. വരാപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന സതിഭായി സര്‍വീസില്‍ നിന്നും പിരിഞ്ഞശേഷം ലഭിച്ച തുകയാണ് ബാങ്കിലിടാതെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. പുലര്‍ച്ചെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയശേഷം വാതില്‍ അടച്ചു അകത്തുകഴിയുന്ന വയോധിക ആരുവിളിച്ചാലും വാതില്‍ തുറക്കാറില്ല. ഏക മകള്‍ അംബിക മരിച്ചശേഷമാണ് സതീഭായി വീടു പൂട്ടി അകത്തുകഴിയാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related posts