കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ സംഭവം; ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളി

ktm-courtkeralaകോതമംഗലം: കുഴല്‍പ്പണ തട്ടിപ്പുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാറിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ വത്സല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി തള്ളി. കോതമംഗലം കുടമുണ്ടയില്‍ സ്ഥലവും വീടും വാങ്ങി ഏതാനും മാസങ്ങളായി താമസിച്ച് വരുന്ന തൃശൂര്‍ കോടാലി സ്വദേശി ശ്രീധരന്റെ മകന്‍ അരുണ്‍ കുമാറിനെ കഴിഞ്ഞ ഒക്ടോബര്‍ 31–നാണ് കാറിലെത്തിയ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇവരുടെ പക്കല്‍ നിന്നും മകനെ പിതാവ് ശ്രീധരന്റെ ക്വട്ടേഷന്‍ സംഘം വീണ്ടും തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുഴല്‍പ്പണ മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.

അരുണ്‍കുമാര്‍ അച്ഛന്‍ കോടാലി ശ്രീധരന്റെ സംരക്ഷണയില്‍ സുരക്ഷിതമാണെന്ന് കേസ് അന്വേഷിക്കുന്ന കോതമംഗലം സിഐ വി.ടി.ഷാജന്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തളളിക്കൊണ്ടുള്ള ഉത്തരവെന്ന് പോലീസ് അറിയിച്ചു. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിലും മറ്റ് വസ്തുതകളുടേയും അടിസ്ഥാനത്തിലും അരുണ്‍കുമാര്‍ ആരുടെയെങ്കിലും നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, അരുണ്‍കുമാറിനെ തട്ടികൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും കോടതി ഉത്തരവിട്ടു.

Related posts