ഗൗരവിന്റെ മാതാപിതാക്കള്‍ സെറ്റിലുള്ള പലരില്‍ നിന്നും പണം കൈപ്പറ്റി; ഗൗരവ് മേനോന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ‘കോലുമിട്ടായി’യുടെ നിര്‍മാതാവ്

ye45yeeകോലുമിട്ടായി എന്ന സിനിമയില്‍ അഭിനയിച്ചതിന് തനിക്ക ് പ്രതിഫലം നല്‍കിയില്ലെന്ന ദേശീയ പുരസ്കാര ജേതാവ് ഗൗരവ് മേനോന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സിനിമയുടെ നിര്‍മാതാവുംസംവിധായകനും രംഗത്ത്. ഗൗരവിന്റെ വാദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞു കൊണ്ട് നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍  അരുണ്‍ വിശ്വനും വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. തങ്ങളുടേത് ഒരു ചെറിയ ചിത്രമായിരുന്നെന്നും പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന മുന്‍ധാരണ പ്രകാരമാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും നിര്‍മാതാവ് അഭിജിത് പറഞ്ഞു. ഗൗരവ് നല്ല നടനാണെന്നും എന്നാല്‍ മാതാപിതാക്കളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

ഞാന്‍ വിദ്യാര്‍ഥിയായിരുന്ന സമയത്ത് നിര്‍മിച്ച സിനിമയായിരുന്നു കോലുമിട്ടായി. എന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അകമഴിഞ്ഞ പിന്തുണയോടെയാണ് ഈ ചിത്രം ചെയ്തത്. അഞ്ചു ലക്ഷം രൂപ ബജറ്റെന്നു കരുതി ആരംഭിച്ച സിനിമയുടെ സെറ്റിലേക്കുള്ള ഭക്ഷണം പോലും കൊണ്ടുപോയിരുന്നത് തന്റെ വീട്ടില്‍ നിന്നായിരുന്നെന്നും നിര്‍മാതാവ് അഭിജിത് വ്യക്തമാക്കി.ബജറ്റ് കുറയ്ക്കാന്‍ പുതിയ കുട്ടികളെ വെച്ച് സിനിമയെടുക്കാമെന്ന് കരുതിയിരുന്നപ്പോള്‍ ഗൗരവിന്റെ അച്ഛന്റെ സുഹൃത്ത് സമീപിക്കുകയും അദ്ദേഹം വഴി ഗൗരവിനോട് കഥ പറയുകയുമായിരുന്നു. അപ്പോള്‍ ദേശീയസംസ്ഥാന അവാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ലാത്ത ഗൗരവ് രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പ്രതിഫലം തന്ന് അഭിനയിപ്പിക്കാവുന്ന അവസ്ഥയിലല്ല തങ്ങളെന്ന് പറഞ്ഞപ്പോള്‍ ഗൗരവിന്റെ മാതാപിതാക്കള്‍ അത് സമ്മതിക്കുകയായിരുന്നു.

അങ്ങനെയൊരു സൗഹൃദ കൂട്ടായ്മയിലാണ് സിനിമ ആരംഭിക്കുന്നത് അഭിജിത് പറഞ്ഞു. ഗൗരവിന്റെ മാതാപിതാക്കള്‍ തങ്ങളില്‍ നിന്നും സെറ്റിലുള്ള പലരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സിനിമയില്‍ അഭിനയിപ്പിക്കാമെന്ന പേരില്‍ പല കുട്ടികളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അഭിജിത് ആരോപിച്ചു.അഞ്ചു ലക്ഷം രൂപയാണ് അവരിപ്പോള്‍ ആവശ്യപ്പെടുന്നത്. ചിത്രത്തിന് ലാഭമുണ്ടായിട്ടില്ലെന്ന് മാത്രമല്ല ലാഭമുണ്ടായാല്‍ അതിനര്‍ഹത നിര്‍മാതാവിന് മാത്രമാണെന്നും കോലുമിട്ടായിയുടെ സംവിധായകന്‍ അരുണ്‍ വിശ്വന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിച്ച ആരുമായും ഒരു കരാറും വെച്ചിരുന്നില്ലെന്നും എന്നാല്‍ തനിക്ക് നേരത്തേ ഗൗരവിന്റെ മാതാപിതാക്കളെ കുറിച്ച് അറിയാമായിരുന്നതിനാല്‍ കരാര്‍ വെക്കുകയായിരുന്നെന്നും അരുണ്‍ പറഞ്ഞു. സിനിമയില്‍ അഭിനയിച്ച മറ്റു നാല് കുട്ടികളുമായാണ് ഇവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തിയത്.

തനിക്കും മാതാപിതാക്കള്‍ക്കും കഥയിഷ്ടപ്പെട്ടതിനാല്‍ പ്രതിഫലം നല്‍കാനാവില്ലെന്ന ധാരണപ്രകാരമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആകാശ് പറഞ്ഞു. സെറ്റില്‍ മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ആകാശ് വ്യക്തമാക്കി. അതേസമയം, ഗൗരവിന് എതിരായിട്ടല്ല താന്‍ ഇതൊന്നും പറയുന്നതെന്നും കൊല്ലങ്ങളായിട്ട് അറിയാവുന്ന ഗൗരവ് ഇനിയും തന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു. ഗൗരവിന്റെ മാതാപിതാക്കളാണ് ആകാശിനെ കോലുമിട്ടായി അണിയറ പ്രവര്‍ത്തകരുമായി പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ ഗൗരവിന്റെ മാതാപിതാക്കള്‍ നിഷേധിച്ചു.

അതേസമയം, കോലുമിട്ടായി അണിയറ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ ഗൗരവിന്റെ മാതാപിതാക്കള്‍ നിഷേധിച്ചു. തങ്ങളെ നാണംകെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് സംവിധായകനും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു. തങ്ങള്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന പേരില്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അങ്ങനെ വാങ്ങിയെന്ന് പറയുന്ന ഒരാളെയെങ്കിലും ആരോപണം ഉന്നയിച്ചവര്‍ കാണിച്ചുതരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗൗരവും മാതാപിതാക്കളും തലവേദനയാണെങ്കില്‍ കഴിഞ്ഞ ദിവസം ചാനലിന്റെ പരിപാടിയ്ക്ക് ഇപ്പോള്‍ കൂടെ വന്നവരെ കൊണ്ടുപോകാതെ ഗൗരവിനെ തന്നെ കൊണ്ടുപോയത് എന്തിനാണെന്നും അവര്‍ ചോദിച്ചു. അതേസമയം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് 30,000 രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ഗൗരവിന്റെ അച്ഛന്‍ പറഞ്ഞു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയിലൂടെ കത്തിപ്പടരുകയാണ്.

Related posts