ഡോക്ടറെ അടിച്ചു നിലത്തിട്ടു, പിന്നെ നെഞ്ചിലും പുറത്തും ആവർത്തിച്ച് കുത്തി; സംഭവം പോലീസുകാർക്ക് മുന്നിൽ

കൊട്ടാരക്കര: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്.

ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി.

പിന്നീട് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി കത്തി താഴെയിടാൻ തയാറായത്. അതേസമയം, പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീട്ടിൽ അക്രമം കാണിച്ച പ്രതിയെ കൈവിലങ്ങുപോലും ധരിപ്പിക്കാതെയാണ് പോലീസ് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.

Related posts

Leave a Comment