കുറവിലങ്ങാട്: പാതയോരം മുഴുവൻ തലയാട്ടി വിളിക്കുന്ന ബന്ദിപ്പൂക്കൾ. കാഴ്ചയുടെ വിരുന്നും ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളും സമ്മാനിക്കുന്ന സൂര്യകാന്തിപ്പാടം. ഇടയ്ക്കൊന്നു വിശ്രമിക്കാൻ വള്ളിക്കുടിലുകൾ. ഉല്ലാസത്തിനു വഴിതുറന്നു ചൂണ്ടയിടാൻ മത്സ്യക്കുളം. അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഓഫ് റോഡ് ജീപ്പ് സവാരി. കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിലെ പുതുകാഴ്ചകളുടെ നിര നീളുകയാണ്.
27 മുതൽ ജില്ലാ കൃഷിത്തോട്ടത്തിലും സംസ്ഥാന സീഡ്ഫാമിലുമായി നടക്കുന്ന കോഴാ ഫാം ഫെസ്റ്റിന്റെ ഭാഗമായാണ് ജില്ലാ കൃഷിത്തോട്ടം കൂടുതൽ മനോഹരിയാകുന്നത്. ഫാം ഫെസ്റ്റിനായി ഉദ്യോഗസ്ഥരും തൊഴിലാളികളും ദിവസങ്ങളായി വലിയ അധ്വാനത്തിലും ആവേശത്തിലുമാണ്.
വഴി പൂപ്പാടം
ജില്ലാ കൃഷിത്തോട്ടത്തിലെ ഓഫീസ് സമുച്ചയത്തിൽനിന്ന് ഒന്നര കിലോമീറ്റർ യാത്രചെയ്താണ് സൂര്യകാന്തിപ്പാടത്തിന്റെ മനോഹാരിത സമ്മാനിക്കുന്ന പറക്കത്താനത്ത് എത്തേണ്ടത്. ഈ ഒന്നര കിലോമീറ്റർ ദൂരം മുഴുവൻ റോഡിന്റെ ഇരുവശങ്ങളിലും ബന്ദിപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന മനോഹര കാഴ്ച ആകർഷണീയമാണ്. സങ്കര ഇനത്തിൽപ്പെട്ട ആയിരത്തോളം സൂര്യകാന്തിച്ചെടികളാണ് പൂത്തുലഞ്ഞു നിൽക്കുന്നത്. ഇപ്പോൾത്തന്നെ ചിത്രങ്ങൾ പകർത്താനും സെൽഫി പോയിന്റായും ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്.
വന്പൻ കലാമേള
27ന് ആരംഭിക്കുന്ന ഫാം ഫെസ്റ്റിൽ വിളംബര റാലി, സാംസ്കാരിക ഘോഷയാത്ര, സമ്മേളനങ്ങൾ, കാർഷിക പ്രദർശനങ്ങൾ, വില്പന സ്റ്റാളുകൾ, ഭക്ഷ്യമേള, ട്രക്കിംഗ്, കലാസന്ധ്യകൾ, ഫൺ ഗെയിംസ്, മഡ് ഗെയിംസ് തുടങ്ങിയവ ഒരുക്കിയിട്ടുള്ളതായി ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ, ആർഎടിടിസി അസിസ്റ്റന്റ് ഡയറക്ടർ ഷിജി മാത്യു, ജോയിന്റ് ഡയറക്ടർ കൃഷി ഓഫീസർമാരായ ആഷ്ലി മാത്യു, അനന്തു രാജഗോപാൽ, വി.എം ഷിജിന, അസിസ്റ്റന്റ് ഓഫീസർ സാബു ഒറ്റക്കണ്ടം എന്നിവർ പറഞ്ഞു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം. 27ന് മന്ത്രി വി.എൻ. വാസവൻ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 30ന് സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.