കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പെട്ടിത്തെറിയെത്തുടര്ന്നുള്ള തീപിടിത്തത്തില്‍ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തും.
രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം സമിതി വിവരങ്ങള്‍ തേടും. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് തെളിവെടുപ്പിന് എത്തുന്നത്. തുശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പള്മനോജിസ്റ്റ്, കൊല്ലം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
അതിനിടെ തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ സൂപ്പര്‍ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലേക്ക് സുരക്ഷ ക്ലിയറന്‍സ് ലഭിക്കുന്നതിനു മുമ്പ് രോഗികളെ തിരികെ പ്രവേശിപ്പിച്ചതില്‍ കോളജ് പ്രിന് സിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കോളജ് അധികൃതരോട് വിശദീ കരണം തേടിയത്. സുരക്ഷ അനുമതി ലഭിക്കുന്നതിന് മുമ്പ് രോഗികളെ തിരികെ പ്രവേശിപ്പിക്കുകയും പിന്നീട് ഓപ്പറേഷന് തിയറ്ററില്‍ തീപിടിത്തമുണ്ടായി രോഗികളെ വീണ്ടും ഒഴിപ്പിക്കേണ്ടിവരികയും ചെയ്തത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം തേടിയത്.
പൊട്ടിത്തെറിയുണ്ടായ കെട്ടിടത്തിലേക്ക് രോഗികളെ തിരികെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഇലക്ട്രിക്കല്‍ സൂപ്രണ്ട്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവയില്‍നിന്ന് രേഖാമൂലം സുരക്ഷാ ക്ലിയറന്‍സ് വാങ്ങണമെന്ന് സംഭവ സ്ഥലത്തെത്തിയ മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രോഗികളെ തിരികെ പ്രവേശിപ്പിക്കുന്നതിന് എല്ലാ ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും ഇലക്ട്രിക്കല്‍ ഇന്സ്പെക്ടറേറ്റടക്കമുള്ള ഏജന്‍സികളില്‍നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും മനസിലാക്കാന്‍ കഴിഞ്ഞതായും നോട്ടീസില്‍ പറയുന്നു. മെഡിക്കല്‍ കോളജ് അധികൃ തരുടെ നടപടി ഗുരുതരമായ വീഴ്ചയും പൊതുജനതാത്പര്യത്തിന് വിരുദ്ധവുമാണെന്നും വകുപ്പ് ഡയറക്ടര്‍ അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടിനാണ് അത്യാഹിത വിഭാഗത്തില്‍ യുപിഎസ് റൂമില്‍ ബാറ്ററി പൊട്ടിത്തെറിയുണ്ടായത്. അവിടെചികിത്സയിലായിരുന്ന നാലുപേര്‍ മരിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രോഗികളെ അതേ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചു. ആറാം നിലയില്‍ വീണ്ടും തീപിടിത്തമുണ്ടായി. ഇതേത്തുടര്‍ന്ന് മൂന്നും നാലും നിലകളില്‍നിന്ന് രോഗികളെ വീണ്ടും ഒഴിപ്പിക്കേണ്ടിവന്നിരുന്നു.
- സ്വന്തം ലേഖകന്‍