ചമ്പക്കുളം: കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പിന്റെ മെക്കനൈസേഷൻ ആൻഡ് ടെക്നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കുട്ടനാട്ടിൽ പര്യടനം നടത്തി. വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു.
ചമ്പക്കുളം കൃഷിഭവന് കീഴിലുളള ചെമ്പടി ചക്കം കരി, നാല് നാല്പത്, തൊള്ളായിരം ഇല്ലിമുറി, മൂലപ്പള്ളി പാടശേഖരങ്ങളും ആറു പങ്ക്, നാലായിരം തുടങ്ങി കൈനകരി കൃഷിഭവന് കീഴിലുളള കായൽ നിലങ്ങളിലും സന്ദർശനം നടത്തിയ സംഘം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള കൃഷിയിടവും സന്ദർശിച്ചു.
സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മറ്റ്സ്ഥലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണെന്നും ഇവിടെ അധികമായി കണ്ടുവരുന്ന വരിനെല്ല് വിളവിനെയും കർഷക വരുമാനത്തെയും ദോഷകരമായി ബാധിക്കുന്നതായും സംഘം വിലയിരുത്തി. മങ്കൊമ്പ് എം. എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ കുട്ടനാട്ടിലെ വിവിധ കർഷകസംഘ പ്രതിനിധികളുമായും രാഷ്ട്രീയ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.
ജോയിന്റ് സെക്രട്ടറി എസ്. രുക്മിണി നേതൃത്വം കൊടുക്കുന്ന സംഘത്തിൽ എ.എൻ. മിശ്ര (ഡെപ്യുട്ടികമ്മിഷണർ), ഡോ.ദിവ്യാ ബാലകൃഷ്ണൻ, (സീനിയർ സയിന്റിസ്റ്റ്) ഡോ. വി മനാസ, (സയന്റിസ്റ്റ്) ഡോ. എസ്. വിജയകുമാർ (സയന്റിസ്റ്റ്), ഡോ. ആർ. ഗോപിനാഥ്(സയന്റിസ്റ്റ്) എന്നിവരോടൊപ്പം സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഷാജി രാഘവൻ, കൃഷ്ണകുമാർ, ജോർജ് മാത്യം വാച്ചാപറമ്പിൽ എന്നിവരും ഉണ്ടായിരുന്നു. കുട്ടനാട്ടിലെ പര്യടനം പൂർത്തിയാക്കിയ സംഘം അപ്പർ കുട്ടനാട്ടിലെ പെരിങ്ങര, പള്ളിപ്പാട്, കരിപ്പുഴ തുടങ്ങിയ പ്രദേശങ്ങളും സന്ദർശിച്ചു.
മുൻ കേന്ദ്രമന്ത്രിരാജീവ് ചന്ദ്രശേഖർ കേന്ദ്ര കൃഷിമന്ത്രി മുമ്പാകെ2025 ജൂലൈ 31ന് സമർപ്പിച്ച കുമ്മനം രാജശേഖരൻ നേതൃത്വം നല്കിയ മൂന്നംഗ സമിതി, കേരളത്തിലെ നെൽ കൃഷി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാലക്കാട്, തൃശൂർ, കുട്ടനാട് പ്രദേശങ്ങളിലെ കൃഷി അനുബന്ധ പ്രശ്നങ്ങൾ സംബന്ധിച്ച പഠനത്തിനാണ് കേന്ദ്രസംഘമെത്തിയത്.
നിവേദനം നൽകി ചങ്ങനാശേരി അതിരൂപത
ചമ്പക്കുളം: ചങ്ങനാശേരി അതിരൂപതയുടെ സംഘം കുട്ടനാട് സന്ദർശിച്ച കേന്ദ്രകൃഷിസംഘത്തെ കണ്ടു നിവേദനം നൽകി. മുഖ്യ വികാരി ജനറല് ഫാ.ആന്റണി ഏത്തയ്ക്കാട്ട് കുട്ടനാടന് കര്ഷകര് നേരിടുന്ന പ്രധാന പ്രശ്നങ്ങള് സംഘം മുന്പാകെ അവതരിപ്പിച്ചു.
സമയബന്ധിതമായി നെല്ല് വില ലഭ്യമാക്കുക, ഉത്പാദനച്ചെലവ് അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുക, ഇന്ഷ്വറന്സ് പദ്ധതികള് കര്ഷകര്ക്കു ഗുണകരമാകുന്ന രീതിയില് ക്രമീകരിക്കുക, റാംസര് സൈറ്റിന്റെ ആനുകൂല്യം കുട്ടനാടന് കര്ഷകര്ക്ക് ലഭ്യമാക്കുക, വിത്ത് വളം കീടനാശിനികള് മുതലായവയുടെ വില നിയന്ത്രിക്കുക, കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നിവേദനത്തിൽ ഉണ്ട്.
ക്രിസ് ഡയറക്ടര് ഫാ. തോമസ് താന്നിയത്ത്, ഫാ. മോഹന് മുടന്താഞ്ഞിലില്, എകെസിസി അതിരൂപത ഡയറക്ടര് ഫാ. സാവിയോ മാനാട്ട്, കര്ഷക പ്രമുഖന് ജോസ് ജോണ് വെങ്ങാന്തറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കൃഷിനാശം: കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണം
കുട്ടനാട്: രണ്ടാംകൃഷിയിൽ കുട്ടനാട്ടിൽ ബാക്ടീരിയൽ ബ്ലാസ്റ്റ് മൂലമുള്ള വൻകൃഷി നാശവും വരിനെല്ല്, പീലികവിട എന്നിവയുടെ വളർച്ചമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ രാഷ്ട്രീയ കിസാൻ മഹാസംഘ് കേന്ദ്രപഠന പ്രതിനിധി സംഘത്തിനു മുമ്പിൽ വിശദീകരിച്ചു.
കേന്ദ്രസർക്കാർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി രുഗ്മിണി മുമ്പാകെ കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ നെല്ല് വില ക്വിറ്റലിന് 3600 രൂപയായി ഉയർത്തുക, കൊയ്ത്ത് കഴിഞ്ഞ ഉടൻ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വില കർഷകർക്ക് ഉടൻ നൽകുകയും ചെയ്യുക, കൈകാര്യച്ചെലവ് സർക്കാർ പൂർണമായും ഏറ്റെടുക്കുകയും ഇർപ്പത്തിന്റെ പേരിൽ കീഴിവ് ഇടാക്കുന്ന നടപടി ഇല്ലാതാക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാക്കന്മാരായ ടോം ജോസഫ് ചമ്പക്കുളം, നൈനാൻ തോമസ് മുളപ്പാംമഠം, ഔസേപ്പച്ചൻ ചെറുകാട്, തോമസ് വർക്കി വടുതല, കൈനകരി കൃഷിഭവനു കീഴിലുള്ള ഉമ്പിക്കാട്ടുപാടശേഖരത്തിലെ കർഷകരായ സതീശൻ, റോയി എന്നിവർ വിഷയങ്ങൾ കേന്ദ്രകൃഷി സംഘത്തിനു മുമ്പിൽ വിശദീകരിക്കുകയും നിവേദനം നൽകുകയും ചെയ്തു.

