തൊടുപുഴ: വീട്ടിലേക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും മൂലമറ്റം തോമാശേരിൽ ഷൈനി തെരേസ ജോസഫിന്റെ കൃഷിയിടത്തിൽ സുലഭം. വിവിധയിനം പഴവർഗങ്ങൾ, പച്ചക്കറികൾ, തന്നാണ്ടുവിളകൾ, അഴക് വിടർത്തി നിൽക്കുന്ന പൂക്കളുടെ ശേഖരം, കോഴിവളർത്തൽ, മത്സ്യകൃഷി എന്നിവയെല്ലാം ഇവരുടെ രണ്ടേക്കർ തോട്ടത്തെ വേറിട്ടതാക്കുന്നു.
പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പ്രവർത്തിച്ചുവരുന്നതിനിടെ 2015ലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2019ൽ സർവീസിൽനിന്ന് വിരമിച്ചതോടെ കൃഷി വിപുലീകരിച്ചു.വിഷരഹിത ഉത്പന്നങ്ങളുടെയും വിഭവങ്ങളുടെയും ഉത്പാദനം ലക്ഷ്യമിട്ടാണ് കൃഷി ആരംഭിച്ചത്.
പഴവർഗങ്ങൾ
വിവിധയിനം പഴവർഗങ്ങളുടെ കേദാരമാണ് ഈ തോട്ടം. റംബുട്ടാൻ, പുലാസാൻ, മാങ്കോസ്റ്റിൻ, അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം, സ്റ്റാർ ഫ്രൂട്ട്, ഇൻഡോനേഷ്യൻ ചെറി, മാനില, ഓറഞ്ച്, പീനട്ട്, അബിയു, മധുര ലൂവി, ശീമനെല്ലി, വെട്ടി, മര മുന്തിരി, വുഡ് ആപ്പിൾ, ഞാവൽ, മക്കട്ടോ ദേവ, ഐസ്ക്രീം ബീൻ, സപ്പോട്ട, മിറക്കിൾ ഫ്രൂട്ട്, വിവിധയിനം പേരകൾ, ചാന്പകൾ, ലിച്ചി, പാഷൻ ഫ്രൂട്ട്, ഡ്യൂക്കോംഗ്, മൾബറി, നാരകം, സ്വീറ്റ് അന്പഴം, വിവിധയിനം മാവുകൾ, ലോംഗൻ, മുട്ടപ്പഴം, ലെമണ് വൈൻ ചെറി, എട്ടിനം പ്ലാവുകൾ എന്നിവയെല്ലാം തോട്ടത്തിൽ ഉണ്ട്.
ഇതിനുപുറമേ പൈനാപ്പിൾ, നേന്ത്രൻ, പാളയംകോടൻ, പൂവൻ, ഞാലിപ്പൂവൻ, ചുണ്ടില്ലാ കണ്ണൻ, കറക്കണ്ണൻ എന്നീ വാഴയിനങ്ങൾ, സൂപ്പർ ഏർലി, വിയറ്റ്നാം ഏർലി ഉൾപ്പെടെ പ്ലാവുകൾ, സർവസുഗന്ധി, തിപ്പലി, രംഭ, കൂവ, മഞ്ഞൾ, കസ്തൂരി മഞ്ഞൾ, രക്തചന്ദനം, ജീരകവേപ്പ്, ജാതി, രാജപുളി എന്നിങ്ങനെ ചെടികളുടെ പട്ടിക നീളും. കാട്ടു മൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ വേലിയായി വളർത്താവുന്ന മുള്ളോട് കൂടിയ പഴം കായ്ക്കുന്ന സാലക് തോട്ടത്തിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവിളകൾ
പയർ, പാവൽ, വെണ്ട, കോവൽ, വഴുതന എന്നിങ്ങനെയുള്ള പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. മരച്ചീനി, ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ഇഞ്ചി തുടങ്ങിയ തന്നാണ്ടു വിളകളും സമൃദ്ധമായ വിളവ് നൽകുന്നു. ഇതിനുപുറമേ തെങ്ങ്, കമുക്, കുരുമുളക് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
വളപ്രയോഗം
മണ്ണിന്റെ ജൈവഘടന സംരക്ഷിക്കുന്നതിനായി രാസവളങ്ങൾ തോട്ടത്തിൽനിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് നൽകും. വേനൽക്കാലത്ത് ചൂട് തടയുന്നതിനായി പുതയിടുന്നതിനു പുറമേ ആവശ്യത്തിന് ജലസേചനവും നൽകി വരുന്നു. അതിനാൽ വേനലിലും ചെടികളുടെ പച്ചപ്പിന് ഒട്ടും കുറവില്ല.
കോഴി, മത്സ്യം വളർത്തൽ
പ്രതിരോധശേഷിയുള്ള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുപ്പതോളം കോഴികളെയും വളർത്തുന്നുണ്ട്. ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് കോഴിക്കൂടും കോഴികളെ തുറന്നുവിടാനുള്ള ഗ്രില്ലുകൊണ്ടുള്ള വിശാലമായ ഇടവും നിർമിച്ചത്. കോഴിത്തീറ്റയ്ക്കു പുറമേ പുല്ലും ഇലകളും കോഴിക്ക് നൽകും. എട്ടു രൂപയ്ക്കാണ് മുട്ട വിൽക്കുന്നത്. ഗൗര, തിലാപ്പിയ, നട്ടർ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളെയും വളർത്തുന്നുണ്ട്.
ഇതിനായി വിവിധ കുളങ്ങൾ നിർമിച്ചിട്ടുണ്ട്. ടി.ജി. നാച്ചുറൽസ് എന്ന ബ്രാന്റിൽ കായം നിർമിച്ച് വിൽക്കുന്നതിനുള്ള മുറിയും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങളും പൂർത്തിയായി വരികയാണ്.
പൂക്കളുടെ ശേഖരം
വീടിനു സമീപം മഴമറയ്ക്കുള്ളിലും പുറത്തുമായി പൂക്കളുടെയും ഇലച്ചെടികളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. മിക്കി മൗസ്, ഓർക്കിഡുകൾ, എപ്പീസിയ, അഡീനിയം, വിവിധയിനം ബൊഗേൻവില്ലകൾ, എസ്റ്റർ ഡേ ടുമാറോ ടുഡേ, പിച്ചി, പിക്ചർ പ്ലാന്റ്, ചെന്പകം, ആഫ്രിക്കൻ വയലറ്റ്, ബ്രോമിലാർഡ്സ്, ഹോയ തുടങ്ങിയവ അഴകു വിടർത്തി നിൽക്കുന്നു.
ഇതിനു പുറമേ വിവിധയിനം മണി പ്ലാന്റുകൾ, മോണ്സ്ട്ര, ഇസഡ് പ്ലാന്റ്, സ്പൈഡർ പ്ലാന്റ് , സ്നേക്ക് പ്ലാന്റ്, ലക്കി ബാംബൂ, കലാത്തിയ, പന്നൽച്ചെടികൾ, വള്ളിച്ചെടിയായ ജയ്ഡ് വൈൻ തുടങ്ങിയവയും ദൃശ്യവിരുന്നൊരുക്കുന്നു. ഭർത്താവ് റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ ടി.ജെ. മൈക്കിൾ. ജോസ്, ജിയോ, എലിസബത്ത് എന്നിവരാണ് മക്കൾ. അറക്കുളം പഞ്ചായത്തിലെ മികച്ച വനിതാകർഷക എന്ന ബഹുമതി ഷൈനിക്ക് ലഭിച്ചിരുന്നു.
- ജോയി കിഴക്കേൽ

