കുണ്ടറ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിൽ കീഴടങ്ങിയ പ്രതി സമ്മതിച്ചു. കൊല്ലം കോളജ് ജംഗ്ഷനിൽ ദേവിപ്രിയവീട്ടിൽ വൈശാഖ് ബൈജുവാണ് കുണ്ടറ പോലീസിനോട് കുറ്റം സമ്മതിച്ചത്.
മുളവന ചരുവിളപുത്തൻ പുത്തൻവീട്ടിൽ മോഹനന്റെയും ബിന്ദുവിന്റെയും മകൾ കൃതിയെയാണ് കൊലപ്പെടുത്തിയത്.തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കൃതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ മാതാപിതാക്കൾ കണ്ടത്. വീട്ടിൽ നിന്നും രക്ഷപെട്ട ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമാണ്. വൈശാഖിന്റെ ആദ്യവിവാഹവുമായിരുന്നു. വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്ത് പോയെങ്കിലും അടുത്തിടെ മടങ്ങിവന്നിരുന്നു.
വായ്പയെടുത്തും മറ്റും 25ലക്ഷത്തോളം രൂപ കൃതിയുടെ മാതാപിതാക്കൾ വൈശാഖിന് നൽകിയിരുന്നു. പിന്നീട് വീടിന്റെ ആധാരം പണയം വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിനെതുടർന്ന് പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടയിൽ വൈശാഖിൽനിന്ന് ഭീഷണിയുള്ളതായി പലതവണ കൃതി ബന്ധുക്കളെ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ഇയാൾ വീണ്ടും വീട്ടിലെത്തിയത്. വീട്ടിലെത്തിയ വൈശാഖും കൃതിയുമായി മുറിയിൽ കയറിയെങ്കിലും വാതിൽ അകത്തുനിന്ന് അടയ്ക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. രാത്രി 9.30ഓടെ അത്താഴം കഴിക്കാൻ കൃതിയുടെ അമ്മ വിളിച്ചെങ്കിലും വാതിൽതുറന്ന് പുറത്തുവന്ന വൈശാഖ് പിന്നീട് കഴിയ്ക്കാമെന്ന് പറഞ്ഞ് അമ്മയെ മടക്കിയയച്ചു.
ഒരുമണിക്കൂറിന് ശേഷം അവർ വീണ്ടുമെത്തി അടച്ചിരുന്ന വാതിൽ മുട്ടിവിളിച്ച് തുറപ്പിക്കുകയായിരുന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കുഴഞ്ഞുവീണതാണെന്നും ആശുപത്രിയിൽ എത്തിക്കാമെന്നും പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് കാറിൽ കയരി രക്ഷപെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസ് വൈശാഖിനായി തെരച്ചിൽ നടത്തുന്നതിനിടയിൽ ഇന്നലെ വൈകുന്നേരം ഇയാൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും കുണ്ടറ പോലീസ് അറിയിച്ചു.