അടഞ്ഞു കിടന്ന തിയറ്ററിന് വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം ! ദുരിതകാലത്ത് തീയറ്റര്‍ ഉടമയ്ക്ക് ഷോക്കായി കെഎസ്ഇബിയുടെ നടപടി…

കോട്ടയം: തിയറ്റര്‍ ഉടമകളുടെ ദുരിതം ഒന്നു കാണേണ്ടതു തന്നെ. തിയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ബില്ല് ലക്ഷങ്ങള്‍ നല്‍കണം. അടച്ചിടാന്‍ പറഞ്ഞ സര്‍ക്കാരും തിയറ്റര്‍ ഉടമകളുടെ ദുരിതം കാണുന്നില്ല.

ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിനു വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍.

പള്ളിക്കത്തോട്ടിലെ മള്‍ട്ടിപ്ലസ് തിയറ്ററായ അഞ്ചാനി തിയറ്റര്‍ ഉടമ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് വന്നിരിക്കുന്നത്.


2019 ഡിസംബര്‍ മാസത്തിലാണു പള്ളിക്കത്തോട്ടില്‍ ജിജി തിയറ്റര്‍ സമുച്ചയം തുടങ്ങുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏഴുമാസം തിയറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.


ലോക്ഡൗണില്‍ എല്ലാ മേഖലയ്ക്കും ഇളവ് അനുവദിച്ചെങ്കിലും തിയറ്റര്‍ മേഖലയ്ക്ക് കാര്യമായ ഇളവ് ലഭിച്ചില്ല. ഫിക്‌സഡ്ചാര്‍ജായി 60,000 രൂപയാണ് ഒരോ മാസവും ജിജിക്ക് അടയ്‌ക്കേണ്ടത്.

ജിഎസ്ടിക്കു പുറമേ വിനോദനികുതിയായും സര്‍ക്കാരിലേക്ക് എല്ലാ മാസവും നികുതി അടയ്ക്കുന്ന തിയറ്റര്‍ ഉടമകളെ കോവിഡ് കാലത്തു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് ജിജി ആവശ്യപ്പെടുന്നത്.
ജില്ലയില്‍ തന്നെ മറ്റൊരു പ്രമുഖ തിയറ്ററിനു 12 ലക്ഷം രൂപയാണ് ബില്ല് വന്നിരിക്കുന്നത്.

Related posts

Leave a Comment