കറന്റു പോകുമ്പോള്‍ കെഎസ്ഇബിയെ തെറിപറയുന്നവര്‍ ഇതൊന്നുവായിക്കുക, ജനറേറ്റര്‍ നന്നാക്കാന്‍ കരാറുകാരന്‍ പറഞ്ഞത് 20 ദിവസം, നന്നാക്കിയത് വെറും എട്ടുദിവസത്തിനുള്ളില്‍!

ksebഇടുക്കിയുടെ സ്വന്തം മണിയാശാന്‍ വൈദ്യുതി മന്ത്രിയായപ്പോള്‍ പലരും പുച്ഛിച്ചുതള്ളി. എന്നാല്‍ ഇപ്പോള്‍ മണിയാശാനും പിള്ളേരും കഷ്ടപ്പെട്ടു പണിയെടുത്തപ്പോള്‍ ഖജനാവിന് ലാഭം രണ്ടുകോടിയോളം രൂപ. മൂലമറ്റം വൈദ്യുതി നിലയത്തിലെ കേടായ ജനറേറ്റര്‍ എട്ടുദിവസം കൊണ്ടു ശരിയാക്കിയാണ് കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായത്. രണ്ടാഴ്ച്ച മുമ്പാണ് മൂലമറ്റത്തെ ജനറേറ്റര്‍ പണിമുടക്കിയത്. കരാര്‍ നല്‍കി ശരിയാക്കാന്‍ 20 ദിവസത്തിനും മുകളില്‍ വേണ്ടിയിരുന്ന ജനറേറ്ററാണു രാവും പകലും കഠിനമായി അധ്വാനിച്ചു കെഎസ്ഇബി ജീവനക്കാര്‍ തകരാറു പരിഹരിച്ചത്. ഇതുവഴി രണ്ടുകോടയിയോളം രൂപയുടെ അധികലാഭമാണു കെഎസ്ഇബിയ്ക്കു വന്നത്. തകരാര്‍ പരിഹരിക്കാനുള്ള 26 അംഗസംഘത്തിലെ അംഗമായ കൃഷ്ണകുമാറിനെ പരിചയപ്പെടുത്തിക്കൊണ്ട് അശോക് കര്‍ത്ത ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം ലോകമറിയുന്നത്.

അശോക് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്- മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒരു ജനറേറ്റര്‍ കഴിഞ്ഞമാസം 19നു തകരാറിലായി. കരാറുകൊടുത്തത് പരിഹരിക്കാന്‍ കുറഞ്ഞത് 20 ദിവസം വേണ്ടിവരും. എന്നാല്‍ കെഎസ്ഇബിയിലെ ഒരു സംഘം ജീവനക്കാര്‍ രാവും പകലും കഠിനമായി അദ്ധ്വാനിച്ച് എട്ടുദിവസം കൊണ്ടത് പരിഹരിച്ചു. അതുവഴി കമ്പനിക്കു 2 കോടി രൂപയുടെ ലാഭമുണ്ടായി. കരാര്‍ കൊടുക്കുന്നതുകൊണ്ടുള്ള അധികച്ചെലവും, സമയം നഷ്ടവും കണക്കിലെടുത്താല്‍ ലാഭം ഇനിയും കൂടും. വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനത്തിനു അതൊരു അനുഗ്രഹമായി.

തകരാര്‍ പരിഹരിക്കാനുള്ള 26 അംഗസംഘത്തിലെ കൃഷ്ണകുമാര്‍ എന്റെ സ്‌നേഹിതനാണ്, നാട്ടുകാരനാണ്. മാവേലിക്കരയ്ക്കട്ടുത്തുള്ള കാട്ടുവള്ളിയാണു സ്വദ്ദേശം. മീറ്റര്‍ റീഡറായിരിക്കുന്ന കാലം മുതലേ പരിചയമുണ്ട്. വൈദ്യുതി ഉല്പാദനത്തിലെ സാങ്കേതികത്വത്തില്‍ ആകൃഷ്ടനായാണു സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ കൃഷ്ണകുമാര്‍ മൂലമറ്റത്തേക്ക് പോയത്. സാധാരണഗതിയില്‍ വിതരണമേഖലയിലെ സൗകര്യങ്ങളും, സ്വാതന്ത്ര്യവും ആസ്വദിക്കാനാണ് ഏതൊരു യുവ സബ് എന്‍ജിനയറും ആഗ്രഹിക്കുക. എന്നാല്‍ പുതിയൊരു മേഖലയെപ്പറ്റി പഠിക്കാനും, അതില്‍ നൈപുണ്യം നേടാനും കൃഷ്ണകുമാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതുകൊണ്ടാണു രണ്ടു ചെറിയ പെണ്‍മക്കള്‍ ഉള്‍പ്പെട്ട കുടുംബവുമായി മൂലമറ്റത്തേക്ക് പോകാന്‍ തയാറായത്. അതിന്റെ ഫലം നമൊക്കെ പങ്കുവച്ചു ഇപ്പോള്‍ അനുഭവിക്കുകയാണ്.

മുന്‍പ്, ഇടുക്കിയിലെ ബട്ടര്‍ ഫ്‌ലൈവാള്‍വിനു തകരാറുണ്ടായപ്പോഴും, പെന്‍സ്‌റ്റോക്കില്‍ ചോര്‍ച്ചയുണ്ടായപ്പോഴും അവ പരിഹരിക്കാനുള്ള സംഘത്തില്‍ കൃഷ്ണകുമാര്‍ ഉണ്ടായിരുന്നു. കീര്‍ത്തിമുദ്രകള്‍ കൊണ്ടും പാരിതോഷികങ്ങള്‍ കൊണ്ടും നിറഞ്ഞതാണു ഈ സബ് എന്‍ജിനിയറുടെ ഔദ്യോഗിക ജീവിതം. ഇത്തവണയും പ്രശംസയും പാരിതോഷികവും ലഭിക്കും. കൃഷ്ണകുമാര്‍ ഉള്‍പ്പെട്ട ആ സംഘത്തിലെ ബാക്കി 25 പേരെ നേരിട്ട് പരിചയമില്ല. എങ്കിലും അവരുടെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും, കമ്പനിയോടും, ജനത്തിനോടും, സര്‍ക്കാരിനോടുമുള്ള കൂറും ഊഹിക്കാന്‍ കഴിയുന്നുണ്ട്. കൃഷ്ണകുമാറിനൊപ്പം എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ആശംസകള്‍.

Related posts