കെഎസ്ആര്‍ടിസി നഷ്ടത്തിലായതിന് അയ്യപ്പന്മാര്‍ എന്തു പിഴച്ചു ! നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഒറ്റയടിയ്ക്കു കൂട്ടിയത് ഒമ്പത് രൂപ; നിലയ്ക്കല്‍-പമ്പ പാത കെഎസ്ആര്‍ടിസിയ്ക്കു മാത്രം അവകാശപ്പെട്ടതെന്ന് തച്ചങ്കരി

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശബരിമല തീര്‍ത്ഥാടകരുടെ പോക്കറ്റടിയ്ക്കുന്നു.നിലയ്ക്കല്‍-പമ്പ ബസ് നിരക്ക് വര്‍ധിപ്പിച്ചതു മലയോരമേഖലകളിലെ നിരക്കുവര്‍ധനയുടെ ഭാഗമാണെന്നു പറയുമ്പോഴും മറ്റിടങ്ങളില്‍ ഇതു നടപ്പാക്കിയിട്ടില്ല.

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതാണെന്നാണ് സിഎംഡി ടോമിന്‍ തച്ചങ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇന്ധനവില വര്‍ധനയാണ് നിരക്കു വര്‍ധനവിനു കാരണമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് അയ്യപ്പഭക്തരെ പിഴിഞ്ഞാകരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പറഞ്ഞു. ഒറ്റയടിക്ക് ഒന്‍പതുരൂപ വര്‍ധിപ്പിച്ച നടപടിക്കെതിരേ ഹൈന്ദവസംഘടനകളും രംഗത്തുവന്നതോടെ തീരുമാനം വിവാദമായി. നിരക്കു കുറച്ചില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍, നിലയ്ക്കല്‍-പമ്പ ദേശസാല്‍കൃതപാതയാണെന്നും അവിടെ കെഎസ്ആര്‍ടിസിക്കു മാത്രമേ സര്‍വീസ് നടത്താനാകൂവെന്നുമാണു തച്ചങ്കരിയുടെ മറുപടി.

പ്രളയത്തില്‍ പമ്പാതീരവും പാര്‍ക്കിങ് മേഖലകളും ഒലിച്ചുപോയതിനാലാണു വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയാനും തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിക്കാനും തീരുമാനിച്ചത്. എന്നാല്‍, ഇതിന്റെ പേരില്‍ ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു പത്മകുമാര്‍ പറഞ്ഞു.

കൊള്ളനിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിതനിരക്ക് ഈടാക്കിയിട്ടും ബസുകളില്‍ തീര്‍ഥാടകരെ കുത്തിനിറച്ചാണു പമ്പയിലേക്കു കൊണ്ടുപോകുന്നത്.

നിലയ്ക്കല്‍-പമ്പ ടിക്കറ്റ് നിരക്ക് 40 രൂപയാക്കിയതു ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം നിയമപരമായാണെന്നും സാമ്പത്തികപ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റെയും സാഹചര്യത്തില്‍ ഇതു കുറയ്ക്കാനാകില്ലെന്നും തച്ചങ്കരി പറയുന്നു.

40 രൂപ നിരക്കാണു ചീഫ് ഓഫീസില്‍നിന്നു നിശ്ചയിച്ചത്. അതു രാവിലെ 31 രൂപയായി കുറച്ചതും പിന്നീട് 40 ആക്കിയതും ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കും. നിരക്കു കുറയ്ക്കണണമെങ്കില്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. അതിലൂടെ കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പരിഹരിക്കണം.

നിലയ്ക്കല്‍-പമ്പ പാത കെഎസ്ആര്‍ടിസിക്കു മാത്രം അവകാശപ്പെട്ടതാണ്. കെഎസ്ആര്‍ടിസിയെ ഒഴിവാക്കി പമ്പ സര്‍വീസ് നടത്തുന്നതു സ്വപ്നത്തില്‍പോലും ചിന്തിക്കാനാവില്ല. 2017 സെപ്റ്റംബറില്‍ പമ്പ-നിലയ്ക്കല്‍ നിരക്ക് 31 രൂപയായിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചശേഷം ഇപ്പോഴാണു നിലയ്ക്കല്‍-പമ്പ സര്‍വീസ് നടത്താനായത്. അതുകൊണ്ടാണു പുതിയനിരക്ക് നിലവില്‍വന്നത്. നിരക്ക് വര്‍ധന നിര്‍ദേശപ്രകാരം 41 രൂപയായിരുന്നതു 40 രൂപയായി കുറയ്ക്കുകയാണു ചെയ്തത്.

എന്നിട്ടും തത്പരകക്ഷികള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അയ്യപ്പഭക്തരെ പിഴിയുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തച്ചങ്കരി പറഞ്ഞു.

Related posts