പെൻഷൻ പെരുവഴിയിലാക്കിയ രണ്ടു പേർ കൂടി ജീവനൊടുക്കി; എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി

സുൽത്താൻ ബത്തേരി/ തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ കൂടി ജീവനൊടുക്കി. കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബുവും തിരുവനന്തപുരം നേമം സ്വദേശി കരുണാകരൻ നാടാരുമാണ് ജീവനൊടുക്കിയത്. തലശേരി സ്വദേശിയായ നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇവിടെനിന്നും കണ്ടെത്തുകയും ചെയ്തു.

പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കരുണാകരൻ നാടാർ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തീയതി വിഷം കഴിച്ച ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി.

കെഎസ്ആർടിസി പെൻഷൻകാർ ജീവനൊടുക്കിയതിൽ ഒന്നാം പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, കെഎസ്ആർടിസി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക.

Related posts