പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കരുത് ! അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കടങ്ങള്‍ എഴുതിത്തള്ളുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസങ്ങള്‍ക്കകം മധ്യപ്രദേശിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ സഹോദരനും എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ്. കഴിയാത്ത വാദ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

‘ആ വാഗ്ദാനം നല്‍കിയിട്ട് എത്ര ദിവസമായി. ഇതുവരെയും അത് പൂര്‍ത്തീകരിക്കാനായിട്ടില്ല. 10 ദിവസങ്ങള്‍ കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞ രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണം. മേലാല്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുത്. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം കര്‍ഷകരോട് കൃത്യമായ സമയം പറയുകയും സാവധാനം കടങ്ങള്‍ എഴുതി തള്ളുകയുമാണ് വേണ്ടത്.- ലക്ഷ്മണ്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുമെന്ന പ്രസ്താവന നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. എന്നാല്‍ രാഹുലിന്റെ പ്രഖ്യാപനത്തിന് ശേഷം ഏത് പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴും താനടക്കമുള്ള എം.എല്‍.എമാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കേണ്ട അവസ്ഥയിലാണെന്നും ലക്ഷ്മണ്‍ സിംഗ് പറയുന്നു.

Related posts