തമ്മില്‍ കാണാറുള്ളത് വല്ല വിവാഹച്ചടങ്ങുകളിലും മറ്റും മാത്രം ! സിദ്ദിഖിനൊപ്പം ഇനി സിനിമയില്ലെന്ന് വ്യക്തമാക്കി ലാല്‍; കാരണമായി പറയുന്നത്…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍ ടീമിന്റേത്. റാംജി റാവു സ്പീക്കിംഗില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചാണ് വേര്‍പിരിഞ്ഞത്. അടുത്തിടെ കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ ഇവര്‍ ഒന്നിച്ചെങ്കിലും ഇനി തങ്ങള്‍ ചേര്‍ന്ന് ഒരിക്കലും ഒരു സിനിമ ചെയ്യില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാല്‍

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടനും നിര്‍മാതാവും സംവിധായകനുമായ ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മാത്രമല്ല ഇതിന്റെ കാരണവും ലാല്‍ വ്യക്തമാക്കി.”ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാംജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.

പണ്ട് തങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറിയെന്നും ലാല്‍ പറയുന്നു. എന്തായാലും ലാലിന്റെ ഈ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

Related posts